കാലാവസ്ഥാ വ്യതിയാനം : വൈറൽ പനി പിടിപെടുന്നു
മനാമ : രാജ്യത്തെ കാലാവസ്ഥ വ്യതിയാനം കാരണം പല പ്രദേശങ്ങളിലും വ്യാപകമായി വൈറൽ പനി പടരുന്നു. തൊണ്ട വേദന, തലവേദന, പനി എന്നിവ പിടിപെട്ട് നിരവധി പേരാണ് ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്നത്. സ്‌കൂൾ കുട്ടികളിൽ ഒരാൾക്ക് അസുഖം പിടിപെട്ടു കഴിഞ്ഞാൽ ക്ലാസിലെ മറ്റു കുട്ടികൾക്കെല്ലാം തന്നെ തൊട്ടടുത്ത ദിവസങ്ങളിൽ രോഗം പിടി പെടുന്നു. അടിക്കടിയുണ്ടാകുന്ന പൊടിക്കാറ്റും ചാറ്റൽ മഴയും കൂടി ആയപ്പോൾ ഇത്തരത്തിലുള്ള അസുഖങ്ങൾ കൂടിവരികയാണ്. ചിലയിടങ്ങളിൽ പരക്കെ ചിക്കൻ പോക്‌സും പിടിപെടുന്നുണ്ട്.
ആശുപത്രികളിൽ പലയിടത്തും രോഗികളുടെ നീണ്ട നിര തന്നെ കാണാനാകുന്നുണ്ട്. മരുന്നുകളുടെ തീവില കാരണം പലരും ആശുപത്രികളിൽ പോകാൻ മടിക്കുന്നുണ്ട്. എങ്കിലും സ്വയം ചികിത്സ ഒരിക്കലും നടത്തരുതെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ചില സ്വകാര്യ ഫാർമസികളിൽ നിന്ന് ആന്റിബയോട്ടിക്കുകൾ അടക്കമുള്ളവ ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെയും നൽകുന്നുണ്ട്. പാരസെറ്റമോൾ ഗുളികകൾ പ്രാഥമിക ഘട്ടത്തിൽ കഴിച്ചിട്ടും പണി കുറയുന്നില്ലെങ്കിൽ ഉടനെ തന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം തേടണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും വരുന്ന രണ്ടു ദിവസം കൂടി പൊടിക്കാറ്റ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
