ബി.കെ.എസ് മെയ്ദിനാഘോഷത്തിന് ഒരുക്കങ്ങളായി; തൊഴിലാളികൾക്കായി വിവിധ കലാ-കായിക മത്സരങ്ങൾ

മനാമ: ബഹ്‌റൈൻ കേരളീയ സമാജം, ഈ വർഷത്തെ മെയ്ദിനാഘോഷം ബഹ്‌റൈൻ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്റെ രാക്ഷാകർതൃത്വത്തിൽ മെയ് ഒന്നാം തീയ്യതി ചൊവ്വാഴ്ച ആഘോഷിക്കുമെന്ന് സമാജം ആക്ടിംഗ് പ്രസിഡണ്ട് മോഹൻരാജ് പി.എൻ, സമാജം ജനറൽ സെക്രട്ടറി എം.പി രഘു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പരിപാടികളിൽ ബഹ്റൈനിലെ വിവിധ ലേബർ ക്യാന്പുകളിൽ നിന്നായി രണ്ടായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന യോഗത്തിൽ ബഹ്‌റൈൻ ലേബർ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ്അലി അൽ അൻസാരി, ഇന്ത്യൻ എംബസ്സി പ്രതിനിധികൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നതാണ്. ബഹ്റൈനിൽ ഏറ്റവും നല്ല രീതിയിൽ തൊഴിലാളികളെ പരിഗണിക്കുന്ന/സംരക്ഷിക്കുന്ന തൊഴിലുടമകളെയോ അതിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയോ ആദരിക്കുന്നതാണ്. നിരവധി കഷ്ടപ്പാടുകൾ തൊഴിലാളികൾക്കിവിടെ അനുഭവിക്കേണ്ടിവരുന്നുണ്ടെങ്കിലും വളരെ നല്ല നിലയിൽ തൊഴിലാളി സൗഹൃദ അന്തരീക്ഷവും അവർക്ക് സംരക്ഷണവും നൽകുന്ന അനേകം സ്ഥാപനങ്ങളും മേധാവികളും ഉണ്ടെന്നും അവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെയായിരിക്കും ആ
ദരിക്കുക എന്നും സംഘാടകർ പറഞ്ഞു.
തൊഴിലാളികൾക്കുവേണ്ടിയുള്ള കലാ കായിക മത്സരപരിപാടികളും ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലുമുള്ള സിനിമാ ഗാനങ്ങൾ, നാടൻ പാട്ട് (മലയാളം), മിമിക്രി, മോണോആക്ട് തുടങ്ങിയ കലാപരിപാടികളും കന്പവലി (വടംവലി), കബഡി, പഞ്ചഗുസ്തി തുടങ്ങിയ കായിക വിനോദങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാ പരിപാടികൾക്ക് രജിസ്റ്റർ ചെയ്യുവാൻ അന്നെ ദിവസവും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
മത്സരങ്ങളിൽ പങ്കെടുക്കുവാനായി രജിസ്ട്രേഷന് രാജേഷ് കോടോത്ത് (33890941), വർഗ്ഗീസ് ജോർജ് (39291940) എന്നിവരെയോ സമാജം ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിലുള്ള ബോധവൽക്കരണ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഒപ്പം ട്രാഫിക് വിഭാഗം, എൽ.എം.ആർ.എ, നോർക്ക, കേരള സർക്കാർ ക്ഷേമനിധി എന്നിവയുടെ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്.
മെയ്ദിന പരിപാടിയുടെ വിജയത്തിനായി റഫീക്ക് അബ്ദുള്ള കൺവീനറായും വർഗ്ഗീസ് ജോർജ് ജോയിന്റ് കൺവീനറായും വിപുലമായ കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്. സമാജം അസി.സെക്രട്ടറി ഗിരീഷ്, ലൈബ്രേറിയൻ ദിലീഷ്, റഫീഖ്അബ്ദുള്ള, വർഗീസ് ജോർജ്ജ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.