കഠ്‌വ ബലാത്സംഗ കൊലപാതകം : ചിത്രം വരച്ചും കവിത ചൊല്ലിയും പ്രതിഷേധം
മനാമ : കാശ്മീരിലെ കഠ്‌വ ബലാത്സംഗ കൊലപാതകത്തിനെതിരെ പ്രേരണ ബഹ്‌റൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വരയിലൂടെയൂം കവിതാലാപനത്തിലൂടെയും നീച കൃത്യത്തിനെതിരെ വേറിട്ട പ്രതിഷേധമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സംഭവത്തെ മറ്റ് ബലാത്സംഗ കേസുകളുമായി സമീകരിക്കാനും അതിലെ ഗൂഢാലോചന മറച്ച് വെക്കാനുമുളള ശ്രമങ്ങളെ സംഗമത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ യോഗം അപലപിച്ചു. എട്ട് വയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ നടത്തുന്ന പ്രതിഷേധത്തെ പോലും തടയുന്ന വിധത്തിൽ പ്രവാസ ലോകത്തേക്കും ഇരുട്ടിന്റെ ശക്തികളുടെ കൈകൾ നീണ്ടിരിക്കുകയാണെന്ന് സിനു കക്കട്ടിൽ അഭിപ്രായപ്പെട്ടു. ഇതിനെതിരെ മാനവികത ഉയർത്തിപ്പിടിക്കുന്നവരുടെ ഐക്യനിര ഉയർന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വിഭാഗത്തെ ആട്ടിപ്പായിക്കാനുളള ശ്രമത്തിന് തുടക്കം മുതൽ പിന്തുണ നൽകുകയും പ്രതിഷേധമുയരുന്പോൾ ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും പറയുകയും ചെയ്യുന്നവരുടെ ഗൂഢ ലക്ഷ്യം മതേതര സമൂഹം തിരിച്ചറിയണമെന്ന് ഇ.എ സലീം പറഞ്ഞു. ഇൗ അവസരം മതതീവ്രവാദികൾ മുതലെടുക്കുന്നതിനെതിരെ ജാഗ്രത പുലർത്തിക്കൊണ്ടുള്ള മുന്നേറ്റമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വെറുപ്പ് പ്രചരിപ്പിക്കുന്ന സംഘങ്ങളെ തിരിച്ചറിയാതെയുളള പോരാട്ടം ലക്ഷ്യം കാണില്ലെന്ന് പങ്കജ് നഭൻ അഭിപ്രായപ്പെട്ടു. ടി.എം രാജൻ, ഇ.വി രാജീവൻ, സിറാജ് പള്ളിക്കര, ശ്രീലത, അനൂപ്, വിനു ക്രിസ്റ്റി, ഷേർലി, ഷാജിത്ത്, രഞ്ജൻ, ഹരി, അനീഷ് ലാൽ എന്നിവരും പ്രസംഗിച്ചു. പ്രസിഡണ്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കവിത മണിയൂർ, ഷെരീഫ്, സിറാജ് എന്നിവർ കവിത ആലപിച്ചു. ഷിജു, അനീഷ് ലാൽ, റോഷിദ് കൊടിയേരി എന്നിവർ ചിത്രം വരയ്ക്ക് നേതൃത്വം നൽകി.
