ഉത്സവ ലഹരിയിൽ സാഖീർ ട്രാക്ക്


മനാമ : മോട്ടോർ സ്പോർട്ട്സ് പ്രേമികളുടെയും വേഗമേറിയ ലോകതാരങ്ങളുടെ ആരാധകരുടെയും ആവേശത്തള്ളലിലാണ് സാഖീറിലെ ഫോർമുല വൺ വേദി. വ്യാഴാഴ്ച വൈകീട്ട് 4:20 മുതൽ തുടക്കം കുറിച്ച ഫോർമുല വണ്ണിൽ ഇന്നലെ മുതൽ പ്രാക്ടീസ് സെഷനുകൾക്ക് തുടക്കമായി. രാവിലെ 11:55 മുതൽ പോർഷ് GT3 CUPറേസുകൾ ആരംഭിച്ചു. തുടർന്ന് പ്രാക്ടീസ് സെഷനുകൾ തുടരും. ഇന്ന് വൈകീട്ട് 6 മണി മുതൽ 7 വരെ ക്വളിഫൈയിംഗ് റൗണ്ട്, തുടർന്ന് 8 മണി മുതൽ പിറെല്ലി ഹോട്ട് ലാപ്സീനും തുടക്കമാകും.

ആവേശകരമായ ആസ്‌ത്രേലിയൻ ഗ്രാൻഡ് പ്രീക്ക് ശേഷമാണ് ഫോർമുല വൺ ബഹ്‌റൈനിലേയ്ക്ക് വീണ്ടും എത്തുന്നത്.ആസ്‌ത്രേലിയയിൽ നേടിയ ഒന്നാം സ്ഥാനത്തിന്റെ ആത്മവിശ്വാസത്തിൽ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ, നിലവിലെ ലോക ചാന്പ്യൻ ലെവിസ് ഹാമിൽട്ടണും അദ്ദേഹത്തിന്റെ ടീം മെർസിഡസും ട്രാക്കിൽ എത്തുന്നതോടെ കാണികൾ ആവേശത്തിമിർപ്പിലാകും. ലെവിസ് ഹാമിൽട്ടൺ, വാൾട്ടറി ബോത്താസ് എന്നീ രണ്ട് മികച്ച ഡ്രൈവർമാരും മെഴ്‌സിഡീസിന്റെ കരുത്താണ്. സെബാസ്റ്റ്യൻ വെട്ടലിന് പുറമെ വെറ്ററൻ ഡ്രൈവർ കിമി റൈക്കണൻ മൂന്നാം സ്ഥാനം നേടി ഫോമിലേയ്ക്കുയർന്നത് ഫെറാരിക്ക് മുൻ‌തൂക്കം നൽകുന്നു. കൂടാതെ ദ റെഡ് ബുൾ, ഡാനിയേൽ റിക്കാർഡിയോ, മാക്സ് വേർസ്ത്തപ്പാൻ എന്നീ യുവ ഡ്രൈവർമാരും ബഹ്‌റൈനിൽ പരീക്ഷണത്തിനായി എത്തിയിട്ടുണ്ട്. 

ഫോർമുല വൺ ആരാധകർ ഉറ്റുനോക്കുന്ന പേരാണ് ഫെർണാണ്ടോ അലോൻസോയുടെത്. കഴിഞ്ഞ രണ്ട് വർഷവും വേഗത കുറഞ്ഞ കാറുകളുമായി മത്സരിച്ച മുൻ ലോകചാന്പ്യൻ ഇത്തവണ മെച്ചപ്പെട്ട വേഗതയോട് കൂടിയ റെനാൾട്ട് എഞ്ചിൻ കാറുകളാണ് അദ്ദേഹത്തിന്റെ ടീം മക്‌ലാറൻ നൽകിയിരിക്കുന്നത്. ഫോർമുല വണ്ണിലെ ഇന്ത്യൻ സാന്നിധ്യമായ ‘സഹാറ ഫോഴ്സ് ഇന്ത്യ ടീം’ ഡ്രൈവർമാരായ സെർജിയോ പെരെസ്, എസ്തബെൻ ഒക്കൻ എന്നിവരും ബഹ്‌റൈൻ മണ്ണിൽ എത്തി. 2017 സീസണിൽ മെഴ്‌സിഡസ്, ഫെറാരി, റെഡ് ബുൾ ടീമുകൾക്ക് പിന്നിൽ നാലാമത് ഫിനിഷ് ചെയ്ത മികവാർന്ന പ്രകടനം ഈ സീസണിലും ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് ടീം. ബഹ്‌റൈനിൽ ആദ്യ പത്തിൽ ഇടം നേടി ടീമിന്റെ പോയിന്റ് ബാങ്ക് തുറക്കുക എന്നതായിരിക്കും ലക്ഷ്യം. കഴിഞ്ഞ സീസണിലുടനീളം കണ്ട ഹാമിൽട്ടൺ xവെറ്റൽ പോരാട്ടം ഇത്തവണയും ബഹ്‌റൈൻ ഗ്രാൻഡ് പ്രിയിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കായിക പ്രേമികൾ. ഇന്നലെ ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്റർനാഷ്ണൽ സർക്യൂട്ടിൽ എത്തി മത്സരിക്കുന്ന ടീം അംഗങ്ങളെ കണ്ടു. ഗ്രാൻഡ് പ്രീ വിജയിപ്പിക്കാൻ അഹോരാത്രം യജ്ഞിക്കുന്ന വിവിധ മേഖലകളിലുള്ളവരെയും കായിക താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ സാന്പത്തിക വളർച്ചയ്ക്കും യശസ്സിനും ഫോർമുല വൺ വലിയ സംഭാവനകളാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക ചാന്പ്യൻ ലെവിസ് ഹാമിൽട്ടനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഫോർമുല വണ്ണിനോടനുബന്ധിച്ച് ഇന്നലെ ഗ്രാമി അവാർഡ് ജേതാവും ഗായകനുമായ സന്താന അവതരിപ്പിച്ച സംഗീതവിരുന്നു ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. മലയാളികൾ അടക്കമുള്ള നിരവധി പേർ ഇത്തവണ ഫോർമുല വൺ ടിക്കറ്റുകൾ നേരത്തെ കരസ്ഥമാക്കിയിരുന്നു. കുട്ടികൾക്കുള്ള നിരവധി വിനോദ പരിപാടികളും സാഹസിക പരിപാടികളും നിരവധി സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ പരിപാടികളുടെ ഒടുവിൽ പെയ്ത മഴ കാണികളെ അൽപ്പം ആശങ്കയിലാഴ്ത്തിയെങ്കിലും ട്രാക്കിലെ പ്രാക്ടീസിംഗ് സെഷന് ശേഷമാണ് മഴ പെയ്തത് എന്നതിനാൽ അത് റേസിംഗിനെ ബാധിച്ചില്ല. ഇന്ന് ഇടിയോട് കൂടിയ മഴ പെയ്യാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. മഴപെയ്താൽ ട്രാക്ക് നനയ്ക്കുകയും അത് മത്സരത്തെ കാര്യമായി ബാധിക്കുകയും ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed