മെഡിക്കൽ ബിൽ ഗവർണറുടെ പരിഗണനയിൽ
തിരുവനന്തപുരം : കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശനം സാധുവാക്കൽ ബിൽ ഗവർണർക്ക് കൈമാറി. നിയമ സെക്രട്ടറി നേരിട്ട് രാജ്ഭവനിലെത്തിയാണ് ബിൽ ഗവർണറുടെ അംഗീകാരത്തിന് സമർപ്പിച്ചത്. ബിൽ രാത്രി തന്നെ ഗവർണർക്ക് അയച്ചുവെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം.
അതിനാടകീയമായാണ് കരുണ, കണ്ണൂർ മെഡിക്കൽ പ്രവേശന ബിൽ സർക്കാർ ഗവർണർക്ക് കൈമാറുന്ന നടപടി പൂർത്തിയാക്കിയത്. നിയമവകുപ്പിന്റെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും പരിശോധനകൾക്ക് ശേഷം ഇന്നലെ രാത്രി തന്നെ ബിൽ ഗവർണർക്ക് അയച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ബിൽ കൈമാറിയത് നിയമവകുപ്പ് സെക്രട്ടറിക്ക് തന്നെയായിരുന്നു.
ബില്ലിന് അംഗീകാരം നേടാൻ ഒരു ദിവസം മാത്രം ശേഷിക്കേ രാവിലെ പതിനൊന്നോടെയാണ് നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ് രാജ്ഭവനിലെത്തിയത്. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ നിയമസെക്രട്ടറി മെഡിക്കൽ ബില്ലിനൊപ്പം മറ്റ് അഞ്ച് ബില്ലുകളും ഇന്നലെ കാലാവധി ദീർഘിപ്പിച്ച 13 ഓർഡിനൻസുകളും ഗവർണർക്കു കൈമാറി.
അതേസമയം, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാന്ദൻ നിയമപരമായി നിലനിൽക്കുമോ എന്ന വിയോജനക്കുറിപ്പോടെയാണ് ബിൽ സമർപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരെ സർക്കാർ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയുടെ പരിഗണനക്കെത്തും മുന്‍പ് അത്തരം വിയോജിപ്പുകൾ പറയണമെന്നായിരുന്നു സർക്കാർ വാദം.
ബിൽ ഇന്നലെ തനിക്ക് സമർപ്പിച്ചുവെന്ന് വിവരം നൽകിയതിൽ ഗവർണർ നിയമസെക്രട്ടറിയോട് വാക്കാൽ വിശദീകരണം ചോദിച്ചുവെന്നും സൂചനയുണ്ട്. ഗവർണർ ബിൽ പിടിച്ചുവെയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്താൽ തുടർനടപടികളിലേക്ക് കടക്കാതെ വിവാദങ്ങൾ ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അംഗീകാരത്തിനായി സമർപ്പിച്ചില്ലെങ്കിൽ സഭയെ അവഹേളിച്ചുവെന്ന ചട്ടലംഘനം മറികടക്കാൻ സ്വാഭാവിക നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് സർക്കാർ− ലക്ഷ്യമിടുന്നത്.

