സ്തനാർബുദ നിർണ്ണയം വേഗത്തിലാക്കാൻ ബഹ്റൈനിലെ പൊതുആശുപത്രികളിൽ പ്രത്യേക സ്ക്രീനിങ് യൂണിറ്റുകൾ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ വനിതകളുടെ ആരോഗ്യസംരക്ഷണ സേവനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ പൊതുആശുപത്രികളിൽ പ്രത്യേക സ്ക്രീനിങ് യൂണിറ്റുകൾ സ്ഥാപിക്കുന്നു. സ്തനാർബുദം നേരത്തെ കണ്ടെത്താനും രോഗനിർണ്ണയം വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ടെൻഡർ ബോർഡിന്റെ അറിയിപ്പ് പ്രകാരം ഏകദേശം 4,94,000 ബഹ്റൈൻ ദീനാർ ചെലവ് വരുന്ന ഈ പദ്ധതിയുടെ കരാർ 'യൂസഫ് മഹ്മൂദ് ഹുസൈൻ കമ്പനി'ക്കാണ് ലഭിച്ചിരിക്കുന്നത്.
രാജ്യത്തെ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിലൊന്നായ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നത് ചികിത്സയും രോഗമുക്തിയും കൂടുതൽ എളുപ്പമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യൂണിറ്റിന്റെ രൂപകൽപ്പന, നിർമ്മാണം, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കൽ, ഡയഗ്നോസ്റ്റിക് ഡിജിറ്റൽ സംവിധാനങ്ങളുടെ സംയോജനം എന്നിവയുൾപ്പെടെ പൂർണ്ണ സജ്ജമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയാണ് ബഹ്റൈനിൽ സ്തനാർബുദ പരിശോധനകൾ നടത്തുന്നത്. ആവശ്യമെങ്കിൽ മാത്രമേ പ്രത്യേക ആശുപത്രികളിലേക്ക് റഫർ ചെയ്യാറുള്ളൂ. എന്നാൽ പൊതുആശുപത്രികളിൽ പുതിയ യൂണിറ്റുകൾ വരുന്നതോടെ പരിശോധനകളും തുടർനടപടികളും കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കാൻ സാധിക്കും.
sdfsdf

