ഫേസ്ബുക്കിലൂടെ വ്യാജജോലി പരസ്യം ; പെൺവാണിഭ സംഘത്തിൽ അകപ്പെട്ട രണ്ട് യുവതികളെ രക്ഷപ്പെടുത്തി; പ്രതികൾക്ക് ജയിൽശിക്ഷ
പ്രദീപ് പുറവങ്കര
മനാമ: ഫേസ്ബുക്കിലെ വ്യാജ ജോലി പരസ്യം കണ്ട് ബഹ്റൈനിലെത്തി മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയിൽ അകപ്പെട്ട രണ്ട് അറബ് യുവതികളെ രക്ഷപ്പെടുത്തി. യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾക്ക് ഹൈ ക്രിമിനൽ കോർട്ട് ഓഫ് അപ്പീൽ അഞ്ച് വർഷം വീതം തടവും 2000 ബഹ്റൈൻ ദീനാർ വീതം പിഴയും വിധിച്ച മുൻ കോടതി ഉത്തരവുകൾ ശരിവെച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും ഇരകളായ യുവതികളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ അയക്കുന്നതിനുള്ള ചെലവുകൾ പ്രതികൾ തന്നെ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.
ബഹ്റൈനിലെ റെസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഫേസ്ബുക്ക് പരസ്യം കണ്ടാണ് 23 വയസ്സുകാരിയായ യുവതിയും മറ്റൊരു യുവതിയും പ്രതികളെ ബന്ധപ്പെടുന്നത്. തുടർന്ന് പ്രതികൾ ഇവർക്കായി യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകി. എന്നാൽ ബഹ്റൈൻ എയർപോർട്ടിൽ എത്തിയ യുവതികളെ ഒരു അപ്പാർട്ട്മെന്റിൽ എത്തിച്ച് പൂട്ടിയിടുകയും നിർബന്ധിച്ച് വേശ്യാവൃത്തിക്ക് ഇരയാക്കുകയുമായിരുന്നു എന്ന് ഇരകൾ കോടതിയിൽ മൊഴി നൽകി. ഇടപാടുകാരിൽ നിന്ന് ലഭിക്കുന്ന പണം മുഴുവൻ വിസയുടെയും യാത്രയുടെയും ചെലവുകളിലേക്ക് എന്ന വ്യാജേന പ്രതികൾ കൈക്കലാക്കിയിരുന്നു.
വ്യാജ വാഗ്ദാനങ്ങൾ നൽകി യുവതികളെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചതാണെന്ന് ബഹ്റൈൻ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവതികളെ വേശ്യാവൃത്തിക്കായി എത്തിച്ചതാണെന്ന് ഒന്നാം പ്രതിയും, ഇടപാടുകൾ നിയന്ത്രിക്കാനും പണം പിരിക്കാനും സഹായിച്ചതായി രണ്ടാം പ്രതിയും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
asdasd

