ഫോർമുല 1 : ട്രാഫിക് പ്ലാൻ പുറത്തിറക്കി
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ബഹ്‌റൈൻ ഗ്രാൻ പ്രീയിൽ പങ്കെടുക്കാനെത്തുന്നവർ നേരത്തെ എത്തണമെന്നും അവരുടെ കാറിന്റെ വിൻഡ്ഷീൽഡിൽ പാർക്കിംഗിന് സഹായമാകുന്ന ബി.ഐ.സി സ്റ്റിക്കർ പതിപ്പിക്കാനും നിർദ്ദേശം. ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും വേഗത പരിധി ലംഘിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഫോർമുല വണ്ണിനുള്ള ട്രാഫിക് പ്ലാൻ എന്ന പേരിലാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ബഹ്‌റൈൻ ബേ റോഡിലെ രണ്ടാം ട്രാഫിക് സിഗ്നലിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് 1, 2, 3, 4, 5, 12, 13 എന്നീ പാർക്കിംഗ് ലോട്ടുകളിലേയ്ക്ക് പോകാമെന്നും അതിന്ശേഷം 6, 7, 8, 9, 10, 15, 16 എന്നീ പാർക്കിംഗ് ലോട്ടുകളിലേയ്ക്ക് പോകാമെന്നും പ്രസ്താവനയിൽ പറയുന്നു.
ട്രാഫിക് സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പാർക്കിംഗ് ലോട്ട് നന്പർ 10ൽ ഒരു ഓഫീസ് തുറന്നിട്ടുണ്ടെന്നും ഡയറക്ടറേറ്റ് അറിയിച്ചു. പ്രധാന ഗേറ്റിന് സമീപം ഭിന്നശേഷി ഉള്ളവർക്കായി പ്രത്യേക പാർക്കിംഗ് ലോട്ടുകളും ലഭ്യമാണ്.

