സ്വദേശിവൽക്കരണ ക്വാട്ടയ്ക്ക് പുറത്തുള്ള വിദേശ തൊഴിലാളികളുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം തള്ളി ബഹ്റൈൻ സർക്കാർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ സ്വദേശിവൽക്കരണ ക്വാട്ടയ്ക്ക്പു റത്ത് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഫീസ് ശമ്പളത്തിന് അനുസൃതമായി വർദ്ധിപ്പിക്കണമെന്ന പാർലമെന്റ് നിർദ്ദേശം സർക്കാർ ഔദ്യോഗികമായി തള്ളി. ശമ്പളാടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കുന്നത് തൊഴിലുടമകൾക്കിടയിൽ കൃത്രിമത്വത്തിനും തൊഴിൽ അനുമതി അപേക്ഷകളിൽ കാലതാമസത്തിനും വഴിയൊരുക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
നിലവിലുള്ള ക്വാട്ട നിയമങ്ങൾ മറികടന്ന് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഈടാക്കുന്ന 500 ബീഡി ഫീസിന് പകരമായി, തൊഴിലാളിയുടെ ശരാശരി പ്രതിമാസ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ 500 മുതൽ 2,500 ബീഡി വരെ പുരോഗമനപരമായ ഫീസ് ഈടാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നിലവിലുള്ള ഇലക്ട്രോണിക് സംവിധാനം കൂടുതൽ പ്രായോഗികമാണെന്നും ഇത് സ്വദേശിവൽക്കരണം പാലിക്കാൻ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുഐനാൻ വ്യക്തമാക്കി.
ഇതിനുപുറമെ, തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ നയിക്കുന്നതിനായി ലേബർ മാർക്കറ്റ് ഡാറ്റയും ബിരുദധാരികളുടെ തൊഴിൽ സ്ഥിതിവിവരക്കണക്കുകളും ഉപയോഗിക്കുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. തംകീന്റെ വേതന പിന്തുണ നേരിട്ട് തൊഴിലാളികൾക്ക് നൽകണമെന്ന നിർദ്ദേശവും സർക്കാർ തള്ളിയിട്ടുണ്ട്. ബാങ്ക് ട്രാൻസ്ഫർ രേഖകൾ വഴി ശമ്പള വിതരണം ഉറപ്പുവരുത്തിയ ശേഷമേ തംകീൻ തൊഴിലുടമകൾക്ക് ഫണ്ട് നൽകുന്നുള്ളൂവെന്നും, നേരിട്ടുള്ള പണമിടപാടുകൾ കരാർ ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ചിലരെ പ്രേരിപ്പിച്ചേക്കാമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
sdfsdf

