ബഹ്റൈൻ വിപണിയിൽ വീണ്ടും കിംഗ് ഫിഷെത്തും; മത്സ്യബന്ധന നിരോധനം ഒക്ടോബർ 16ന് അവസാനിക്കും
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന രണ്ട് മാസം നീണ്ടുനിന്ന കിംഗ് ഫിഷ്മത്സ്യബന്ധന നിരോധനം വെള്ളിയാഴ്ച (ഒക്ടോബർ 16) അവസാനിക്കുമെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അറിയിച്ചു. ഇതോടെ ആഗസ്റ്റ് 15 മുതൽ നിലവിലുണ്ടായിരുന്ന നിരോധനം അവസാനിക്കുകയും, കിംഗ് ഫിഷ് വീണ്ടും വിപണികളിലും പൊതുസ്ഥലങ്ങളിലും വിൽപ്പനയ്ക്കായി എത്തിത്തുടങ്ങുകയും ചെയ്യും.
പ്രജനനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും അമിതമായ ചൂഷണം തടയുന്നതിനുമാണ് ഈ വാർഷിക നിരോധനം നടപ്പിലാക്കിയതെന്ന് കൗൺസിൽ വ്യക്തമാക്കി. സമുദ്ര പരിസ്ഥിതിയുടെ തുലതാവസ്ഥ നിലനിർത്തുന്നതിൽ ഈ നിയമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. നിരോധന കാലയളവിൽ പൂർണ്ണ സഹകരണവും ദേശീയ ഉത്തരവാദിത്തവും പ്രകടിപ്പിച്ച എല്ലാ മത്സ്യത്തൊഴിലാളികളെയും കൗൺസിൽ അഭിനന്ദിച്ചു.
ബഹ്‌റൈനിൽ സഫി, ഷെരി, അന്ദാഖ് തുടങ്ങിയ മീനുകൾക്കായി ഏപ്രിൽ, മെയ് മാസങ്ങളിൽ സീസണൽ നിരോധനങ്ങൾ നിലവിലുണ്ട്. കൂടാതെ ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ ആറുമാസത്തെ ചെമ്മീൻ പിടുത്ത നിരോധനവും ഉണ്ട്. 18 ഇനം ചെറിയ മത്സ്യങ്ങളും കടൽജീവികളും പിടിക്കുന്നതിനും വിൽക്കുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. ബഹ്‌റൈന്റെ സമുദ്ര ഭാവിയെ സംരക്ഷിക്കുന്നതിനുള്ള ഇത്തരം ശാസ്ത്രീയവും സാങ്കേതികവുമായ നടപടികൾ തുടരുമെന്ന് ഓയിൽ ആൻഡ് എൻവയോൺമെന്റ് മന്ത്രി ഡോ. മുഹമ്മദ് ബിൻ ദൈന വ്യക്തമാക്കി.
#Kingfish #BahrainFisheries #Environment #SCE #4PMNews
xsxsaas

