പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലെ ഡോക്ടർമാർക്ക് ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ് ഉണ്ടാകില്ലെന്ന് ബഹ്റൈൻ സർക്കാർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലെ ഡോക്ടർമാർക്ക് ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ് അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ക്ലിനിക്കുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നത് ഉറപ്പാക്കാൻ ഷിഫ്റ്റ് വ്യവസ്ഥയിലുള്ള ജോലി അത്യന്താപേക്ഷിതമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഡോക്ടർമാരുടെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഷിഫ്റ്റ് പാറ്റേണുകൾ ന്യായമാക്കുക, ദീർഘനേരം ജോലി ചെയ്യുന്നവർക്കും കുടുംബപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും അധിക വേതനവും അവധിയും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമർപ്പിച്ച പാർലമെന്റ് നിർദ്ദേശത്തിനുള്ള മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ആഴ്ചയിൽ 40 മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇത് സാധാരണ ഷെഡ്യൂളിൽ ജോലി ചെയ്യുന്നവരേക്കാൾ നാല് മണിക്കൂർ കൂടുതലാണെങ്കിലും, ഇവർക്ക് ഏകദേശം 11 ശതമാനം കൂടുതൽ ശമ്പളം ലഭിക്കുന്നുണ്ട്. കൂടാതെ രണ്ടാം ഷിഫ്റ്റിന് 12.5 ശതമാനവും മൂന്നാം ഷിഫ്റ്റ് അഥവാ രാത്രി ഷിഫ്റ്റിന് 25 ശതമാനവും അധിക വേതനം നൽകുന്നുണ്ട്. സാധാരണ ജോലി സമയത്തിന് പുറമെ വിളിപ്പിക്കുന്നവർക്ക് സിവിൽ സർവീസ് നിയമപ്രകാരം ഓവർടൈം വേതനവും നൽകുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസത്തെ ജോലിയും രണ്ട് ദിവസത്തെ അവധിയുമാണ് ഡോക്ടർമാർക്കുള്ളത്. ഏതെങ്കിലും ഒരു ഡോക്ടർ മാത്രം നിരന്തരം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാൻ ഷിഫ്റ്റുകൾ കൃത്യമായി ക്രമീകരിച്ചിരിക്കുന്നുണ്ടെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.
ഇതിനുപുറമെ, അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ഡോക്ടർമാരുടെ കരിയറിലും ശമ്പളത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിന്റെ 2025 ലെ ഉത്തരവ് പ്രകാരം, ബിരുദധാരികൾക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരായി പി6 (P6) സ്പെഷ്യലിസ്റ്റ് ഗ്രേഡിൽ നേരിട്ട് പ്രവേശനം നേടാം. പി6 ഗ്രേഡിലെത്താൻ ആവശ്യമായ പ്രവൃത്തി പരിചയം മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചിട്ടുണ്ട്. അതുപോലെ പി7 ഗ്രേഡിലേക്ക് ഉയരാൻ വേണ്ട സമയം അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറച്ചിട്ടുമുണ്ട്. നിലവിലുള്ള ഷിഫ്റ്റ് നിയമങ്ങളും അധിക പേയ്മെന്റുകളും പ്രൊമോഷൻ വ്യവസ്ഥകളും ഡോക്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം എം.പിമാരുടെ ആവശ്യങ്ങൾ പൂർണ്ണമായി നിറവേറ്റുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

