സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവം: പ്രധാന പ്രതിയായ 40 കാരൻ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഒക്ടോബർ 8-ന് 33 വയസ്സുള്ള ഇന്ത്യൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ 40 വയസ്സുള്ള മറ്റൊരു ഇന്ത്യൻ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തുവിട്ടത്.
മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷം മറ്റു ചിലരുടെ സഹായത്തോടെ ഇരയുടെ വാഹനം തടഞ്ഞുനിർത്തുകയും, തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറക്കി വാഹനം കയറ്റി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് കേസ് വിവരങ്ങളിൽ പറയുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ ഇര മരണപ്പെടുകയായിരുന്നു. കൃത്യത്തിൽ പങ്കാളികളായ മറ്റ് നിരവധി വ്യക്തികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് സ്ഥിരീകരിച്ചു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും വിവരശേഖരണത്തിലും ലഭിച്ച ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിച്ചുവരികയാണ്.
qwddeqw

