ഹൂതി ആക്രമണം ശക്തം: സൗദി കിരീടാവകാശി അതീവ സുരക്ഷാ മേഖലയിലേക്ക് മാറി
ശാരിക
റിയാദ്: യമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമായതിനെ തുടർന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അതീവ സുരക്ഷാ മേഖലയിലേക്ക് മാറിയതായി റിപ്പോർട്ട്. അതിശക്തമായ സൈനിക വിന്യാസവും ബങ്കറുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. രാജകൊട്ടാരങ്ങൾക്കായി പ്രത്യേക വ്യോമസുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ രക്തദാന പ്രചാരണ പരിപാടിയിലാണ് 41കാരനായ മുഹമ്മദ് ബിൻ സൽമാൻ അവസാനമായി പൊതുവേദിയിൽ പങ്കെടുത്തത്.
ഹൂതികളുടെ ആക്രമണങ്ങൾക്ക് മറുപടിയായി സൗദി വ്യോമാക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബങ്കറുകളുള്ള കനത്ത സുരക്ഷാ മേഖലകളിലേക്ക് അദ്ദേഹം അതീവരഹസ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. കിരീടാവകാശിയുടെ നീക്കങ്ങളെക്കുറിച്ച് കൃത്യമായ വിവരമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഈ വാർത്ത പുറത്തുവന്നിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം അതീവ സുരക്ഷാ സംഘവും കൂടെയുണ്ട്.
കഴിഞ്ഞ പത്ത വർഷത്തിനിടയിലെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണ് സൗദി അറേബ്യ ഇപ്പോൾ നേരിടുന്നത്. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സൗദിയുടെ തിരിച്ചടിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. സൗദി ഹൂതികൾക്കെതിരെ നടത്തുന്ന സൈനിക നീക്കങ്ങളിൽ പങ്കാളിയാകുന്ന കാര്യം പരിഗണനയിലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ മക്ക സംയുക്ത പ്രതിരോധ സഖ്യ കക്ഷികളും സൗദിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി വരും ദിവസങ്ങളിലും ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് തവണയാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായത്. സുരക്ഷാ ഭീഷണി രൂക്ഷമായതോടെ ഫ്രാൻസ്, ബ്രിട്ടൻ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളോട് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രദേശത്ത് വിന്യസിക്കാൻ സൗദി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. മിസൈലുകളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക സംവിധാനങ്ങളുടെ ലഭ്യത നിലവിൽ പരിമിതമാണെന്നാണ് സൗദി അധികൃതർ നൽകുന്ന വിവരം.
sdfsf

