ഷെ­യ്ക്ക് അബ്ദു­ള്ള റോഡ് നവീ­കരണം : പ്രവർ­ത്തനങ്ങൾ­ക്ക് വേ­ഗം കൂ­ടി­


മനാമ : ഷെയ്ക്ക് അബ്ദുള്ള റോഡിലെ വികസന പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് കാരണം പ്രദേശത്തെ കച്ചവടക്കാർ ശ്വാസം മുട്ടുന്ന അവസ്ഥയ്‌ക്ക്‌ മോചനമാകുന്നു. ഇവിടെ വ്യാപാരികളെ ബുദ്ധിമുട്ടിലാഴ്ത്തി കുറച്ച മാസങ്ങളായി നടന്നിരുന്ന പ്രവർത്തികൾ ഇപ്പോൾ വേഗത്തിലായിട്ടുണ്ട്. മൂന്നു മാസമായി ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കൂടുതൽ  സമയമെടുക്കുന്നതുകൊണ്ട് പ്രദേശത്തെ വ്യാപാരികൾ നിരവധി ബുദ്ധിമുട്ടുകളാണ് അനുഭവിച്ചു പോന്നിരുന്നത്. റോഡുകൾ കിളച്ചു മറിച്ചിട്ട അവസ്ഥയിലായതിനാൽ ഈ ഭാഗത്തേയ്ക്ക് ഷോപ്പിംഗിനായി ആരും വരാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. മണ്ണുമാന്തി യന്ത്രങ്ങളും അവ ഉയർത്തുന്ന പൊടി പടലങ്ങളും കാരണം കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. തുറന്ന കടകളിലെ സാധനങ്ങൾ എല്ലാം പൊടിപടലങ്ങൾ മൂടി ഉപയോഗ ശൂന്യമാകുന്ന അവസ്ഥയും ഉണ്ടായിരുന്നു. കടകളിലെ ജോലിക്കാർക്ക് അലർജ്ജി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ പിടിപ്പെട്ടിരുന്നു. 

നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ പ്രവർത്തി ആരംഭഘട്ടത്തിൽ വളരെ പെട്ടെന്ന് നീങ്ങിയെങ്കിലും പിന്നീട് ഓരോ പ്രവർത്തിയും ഇഴഞ്ഞു നീങ്ങിയതോടെ വ്യാപാരികൾ ദുരിതത്തിലാവുകയായിരുന്നു. വ്യാപാരികളുടെ ദുരിതാവസ്ഥ ചൂണ്ടിക്കാട്ടി  ഫോർ പി.എം ന്യൂസ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. ഇവിടെയുള്ള നവീകരണ പ്രവർത്തികളിൽ 75 ശതമാനത്തോളം പൂർത്തിയായി എന്നാണ് ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച ശേഷം മന്ത്രാലയം അറിയിച്ചത്. മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ റോഡ്സ് പ്രൊജക്ട്സ് ആൻഡ് മെയിന്റനൻസ് ഡയറക്ടർ സയ്യിദ് ബാദർ അലവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതോടെ വ്യാപാരികളിൽ ചിലർ ഇവിടുത്തെ അവസ്ഥ ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. നഗര സഭാ അധികൃതരെ നേരിട്ടു കണ്ടും ചിലർ വിവരം ധരിപ്പിക്കുകയുണ്ടായി. തുടർന്ന് പ്രവർത്തി നടത്തുന്പോൾ പൊടിപടലങ്ങൾ ഉണ്ടാകുന്ന ഭാഗങ്ങളിൽ വെള്ളം തളിച്ചും മറ്റും വ്യാപാരികളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളും പ്രവർത്തി ഏറ്റെടുത്ത കരാർ കന്പനിയുടെ ഭാഗത്തു നിന്നുമുണ്ടായി. പ്രവർത്തികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതരും പറഞ്ഞു. 

ഇന്ന് രാവിലെ ആവശ്യത്തിനുള്ള തൊഴിലാളികൾ സജ്ജമാക്കിക്കൊണ്ട് പ്രവർത്തികൾ വേഗത്തിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതോടെ നീണ്ട നാളത്തെ ദുരിതങ്ങളിൽ നിന്ന് തങ്ങൾക്കു മോചനം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഷെയ്ഖ് അബ്ദുല്ല റോഡിലെ വ്യാപാരികൾ. പ്രവർത്തി പൂർണ്ണമാകുന്നതോടെ വ്യാപാരം സുഗമമാകും എന്നുള്ള പ്രതീക്ഷയിലാണ് ഇവിടത്തെ വ്യപാരികൾ. പദ്ധതി പൂർത്തീകരിക്കുന്നത് മനാമയിൽ സന്ദർശനം നടത്തുന്നവർക്ക് ഏറെ സഹായകമാണെന്നും പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും അധികൃതർ പറഞ്ഞു. 

ഏകദേശം 207 വ്യാപാര സ്ഥാപനങ്ങൾക്കും പദ്ധതി ഗുണകരമാകും. പാർക്കിങ് ഏരിയകളും സ്പീഡ് ഹന്പുകളും നിർമ്മിക്കുകയും പുതിയ ലൈറ്റ് സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. 179,330 ബഹ്‌റൈൻ ദിനാറാണ് പദ്ധതിയുടെ ചിലവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed