ബി.സി.സി.ഐ ചെയർമാനായി സമീർ അബ്ദുള്ള അഹമ്മദ് നാസ്
മനാമ : ബഹ്‌റൈൻ ചേന്പർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്‌ട്രി (ബി.സി.സി.ഐ) പുതിയ ചെയർമാനായി സമീർ അബ്ദുള്ള അഹമ്മദ് നാസിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ടോജർ ഗ്രൂപ്പിന്റെ പ്രധാന സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹം. ഖാലിദ് മുഹമ്മദ് യൂസുഫ് നജീബി ആദ്യ വൈസ് ചെയർമാനായും മുഹമ്മദ് അബ്ദുൾജാബ്ബർ അൽ ഖൂജി രണ്ടാം വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. അരീഫ് അഹമ്മദ് അലി ഹി ഹിജ്രിസ് ട്രഷററും, വലീദ് ഇബ്രാഹിം, ഖലീൽ കനു എന്നിവർ വൈസ് ട്രഷററുമാകും. ബസേം മുഹമ്മദ് അഹമ്മദ് അൽ സെയ്, മുഹമ്മദ് ഫാറൂഖ് അൽ മോയ്ദ് എന്നിവർ ചേന്പറിന്റെ എക്സിക്യൂട്ടീവ് ബ്യൂറോ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
ചുമതല ഏറ്റെടുത്തതിന് ശേഷം സമീർ അബ്ദുള്ള അഹമ്മദ് നാസിന്റെ നേതൃത്വത്തിൽ 100 ദിവസത്തെ പദ്ധതിക്ക് രൂപരേഖ തയാറാക്കുന്നതിന് ഒരു താൽക്കാലിക കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. അംഗങ്ങൾ വാഗ്ദാനം നൽകിയ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുക, വേണ്ട നിയന്ത്രണങ്ങൾ നടപ്പാക്കുക, പുതിയ സംവിധാനങ്ങളേർപ്പെടുത്തുക, ജീവനക്കാരെ പുതുക്കുക തുടങ്ങിയ കാര്യങ്ങൾ ഒരാഴ്ചക്കുള്ളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക നാമകരണം, അംഗങ്ങൾ, ചുമതലകൾ, കമ്മിറ്റിയുടെ പ്രവർത്തന കാലാവധി എന്നിവയും ഈ ആഴ്ചയിൽ പ്രഖ്യാപിക്കും.
നാസ് നയിച്ച ടോജർ ബ്ലോക്ക് ഈ മാസം ആദ്യം നടന്ന ബി.സി.സി.ഐ തിരഞ്ഞെടുപ്പിൽ 10 സീറ്റ് നേടിയിരുന്നു. ഏഴ് സീറ്റുകളിൽ ജയിച്ച ശാരാക ആയിരുന്നു രണ്ടാമത്. മറ്റ് ബ്ലോക്കുകൾക്ക് ഒരു സീറ്റ് പോലും നേടാൻ സാധിച്ചിരുന്നില്ല.
1939ൽ സ്ഥാപിതമായ ബി.സി.സി.ഐ മേഖലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ചേന്പർ ഓഫ് കൊമേഴ്‌സ് ആണ്. രാജ്യത്തെ സ്വകാര്യ മേഖലയുടെ പ്രധാന പ്രതിനിധി കൂടിയാണ് ബി.സി.സി.ഐ.

