ഫാസിസത്തെ എതിർക്കാൻ കോൺഗ്രസിന്റെ മതേതര കൂട്ടായ്മയ്ക്കേ കഴിയൂ : കെ.പി.എ മജീദ്
മനാമ : ഫാസിസത്തെ എതിർക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കൂട്ടായ്മക്കേ കഴിയൂവെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. എഴുപത് വർഷം പിന്നിടുന്ന ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സ്ഥാപക ദിനാത്തോടനുബന്ധിച്ച് കെ. എം.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുപത് വർഷങ്ങൾക്ക് മുൻപ് മുസ്ലീം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും, മുസ്ലീം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാധാന്യം ഇന്ന് വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായ മംഗലം മുഖ്യപ്രഭാഷണം നടത്തി.
ബഹ്‌റൈൻ ഗവൺമെെന്റിന്റെ ഓദ്യോഗിക മതപ്രബോധകനായി അംഗീകാരം കിട്ടിയ സമസ്ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ദീൻ കോയ തങ്ങളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സമസ്‌ത ബഹ്‌റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ട് രാജു കല്ലുംപുറം, ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, എസ്.എം അബ്ദുൽ വാഹിദ്, സഈദ് റഹ്‌മാൻ നദ്‌വി, അബ്ദുൽ മജീദ് തെരുവത്ത്, ദമ്മാം കെ.എം.സി.സി പ്രസിഡണ്ട് അബ്ദുൽ റഹീം, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ടി.പി മുഹമ്മദ് അലി, ഷാഫി പറക്കട്ട, പി.വി സിദ്ദിഖ്, കെ. എ.പി മുസ്തഫ, സീനിയർ നേതാക്കളായ സി.കെ അബ്ദുൾ റഹ്മാൻ, കുട്ടൂസ മുണ്ടേരി തുടങ്ങിയ സാമൂഹിക സാസ്കാരിക നേതാക്കൾ സംബന്ധിച്ചു. ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ ഏരിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.

