സുമനസ്സുകളുടെ സഹായത്താൽ നിതിൻ ദാസും നാട്ടിലേയ്ക്ക്
മനാമ : സഹജീവി സ്നേഹം എന്ന മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് അഫ്സൽ എന്ന ചെറുപ്പക്കാരന് താങ്ങും തണലുമായി നിന്ന പ്രവാസി സമൂഹം, കോഴിക്കോട് ഏലത്തൂർ ചെട്ടികുളം സ്വദേശി നിതിൻ ദാസിനും നാട്ടിലേയ്ക്ക് പോകാനുള്ള സംവിധാനമൊരുക്കി. കഴിഞ്ഞ മാസം 20−ാം തീയതി ഗുദൈബിയ പഴയ കേരള സമാജത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേ അമിത വേഗതയിൽ ഇന്ത്യക്കാരൻ ഓടിച്ചിരുന്ന വാഹനമിടിച്ച് തലയ്ക്കും എല്ലുകൾക്കും പരിക്ക് പറ്റിയാണ് നിതിൻ ദാസ് കിടപ്പിലായത്. ടൈലറിംങ് ഷോപ്പ് ജീവനക്കാരനായ നിതിന്റെ ഒന്നര വർഷത്തെ പ്രവാസ ജീവിതവും അതോടെ താളം തെറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അറിഞ്ഞ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സിയാദ് ഏഴംകുളം, നിസാർ കൊല്ലം, റാഷിദ് കണ്ണംകോട്, മനോജ് വടകര എന്നിവർ ബഹ്റൈനിലെ സാമൂഹ്യ സംഘടനകളുമായി ബന്ധപ്പെട്ട് നിതിനെ എത്രയും പെട്ടെന്ന് നാട്ടിൽ അയക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. പന്പാവാസൻ നായരും, ഐ.സി.എഫ്, സ്വാന്തനം, തണൽ, മലയാളി ബിസിനസ്സ് ഫോറം, പ്രതീക്ഷ ബഹ്റൈൻ എന്നീ സംഘടനകളും അദ്ദേഹത്തിന് സഹായവുമായെത്തി. ബി.എം.ബി.എഫ് ടിക്കറ്റ് നൽകിയതിനെത്തുടർന്ന് എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ തുടർ ചികിത്സക്കായി നിതിൻ നാട്ടിലേയ്ക്ക് തിരിച്ചു.
നിതിൻ ദാസിന് നാട്ടിലേയ്ക്ക് പോകുവാനുള്ള ടിക്കറ്റ് മലയാളി ബിസിനസ്സ് ഫോറത്തിന്റെ വകയായി റാഷിദ് കണ്ണങ്കോടും, സാന്പത്തിക സഹായം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരും നൽകി. സിയാദ് ഏഴംകുളം, നിസാർ കൊല്ലം, ഷെരീഫ് കോഴിക്കോട്, മനോജ് വടകര, രാജീവൻ, എന്നിവരും സംബന്ധിച്ചു.

