ജനങ്ങളുമായുള്ള ആശയവിനിമയം എളുപ്പമാക്കാൻ ‘മൈ ക്യാപിറ്റൽ’ ആപ്ലിക്കേഷൻ
മനാമ : ഹൗസിംഗ് കോംപ്ലക്സുകളിൽ താമസിക്കുന്നവരുടെ പരാതികൾ ‘മൈ ക്യാപിറ്റൽ’ ആപ്ലിക്കേഷനിലൂടെ പരിഹരിക്കുന്നതിന് ക്യാപിറ്റൽ ഗവർണറേറ്റ് വോളന്റിയേഴ്സിന് പരിശീലനം നൽകുന്നു. ‘മൈ ക്യാപ്പിറ്റൽ’ ആപ്ലിക്കേഷന്റെ ഉപയോഗത്തിന് പരിശീലനം നൽകുന്നതിലൂടെ റസിഡൻഷ്യൽ കോംപ്ലക്സിലെ അംഗങ്ങൾക്കിടയിൽ ആശയവിനിമയം ശക്തമാക്കാനും അതിലൂടെ അവരുടെ ആവശ്യങ്ങൾ പരിഗണിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കും. ക്യാപിറ്റൽ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 21 ഹൗസിങ് കോംപ്ലക്സുകളിൽ നിന്നും പ്രതിനിധികളായി ഓരോരുത്തരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
മേഖലയിലെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാപ്പിറ്റൽ ഗവർണറേറ്റ് ആപ്ലിക്കേഷൻ തുടങ്ങിയതെന്നും, ‘മൈ ക്യാപിറ്റൽ’ ആപ്ലിക്കേഷനിലൂടെ പരാതികൾ സമർപ്പിക്കാമെന്നും ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധി പറഞ്ഞു. ഗവർണറേറ്റ് എല്ലാ പരാതികളും അപേക്ഷകളും ബന്ധപ്പെട്ട അധികാരികൾക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശയവിനിമയം ഡിജിറ്റലൈസ് ചെയ്തുകൊണ്ട് പൊതുജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നതിനും ദൂരം, സമയം, അദ്ധ്വാനം എന്നിവ കുറയ്ക്കുന്നതിനും ആപ്ലിക്കേഷനിലൂടെ സാധിക്കും. ഐ.ഒ.എസ്, ആൻഡ്രോയിഡ് എന്നിവയിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
കൂടാതെ, ചിത്രങ്ങൾ എടുക്കാനും പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനും വിശദാംശങ്ങൾ സഹിതം ബന്ധപ്പെട്ടവരുമായി സംവദിക്കുന്നതിനും ആപ്ലിക്കേഷൻ സൗകര്യമൊരുക്കുന്നു. ഉപയോക്താക്കളുടെ നിർദ്ദേശങ്ങളുടെയും പരാതികളുടെയും വിശദാംശങ്ങൾ പിന്തുടരാനും ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്ന് അധികാരികൾ വ്യക്തമാക്കി.

