കാവ്യസന്ധ്യ സീസൺ 2 സമുചിതമായി ആഘോഷിച്ചു
മനാമ : ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ കാവ്യസന്ധ്യ സീസൺ 2 സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ കവിയും സിനിമാ ഗാനരചയിതാവുമായ ആർ.കെ ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. സ്വന്തം കവിതയിലെ കുറച്ച് വരികൾ ചൊല്ലിക്കൊണ്ടും കവിതയും ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചുമുള്ള പ്രഭാഷണം കാവ്യസന്ധ്യ കൂടുതൽ മഹനീയമാക്കി. തന്റെ രണ്ട് കവിതാസമാഹാരങ്ങൾ ലൈബ്രെറിക്ക് നൽകുന്നതിന് വേണ്ടി ചടങ്ങിൽവെച്ച് സെക്രട്ടറി എൻ.കെ വീരമണിക്ക് കൈമാറി.
ബി.കെ.എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എൻ.കെ വീരമണി സ്വാഗതവും, ലൈബ്രേറിയൻ വിനയചന്ദ്രൻ, ലൈബ്രറി കൺവീനർ ദിലീഷ് കുമാർ എന്നിവർ ആശംസയും രേഖപ്പെടുത്തി. സൗമ്യ കൃഷ്ണ പ്രസാദ്, ബിജു, എം. സതീഷ് എന്നിവർ അവതാരകരായിരുന്നു. പരിപാടിയിൽ കുരീപ്പുഴ ശ്രീകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, കൈതപ്രം ദാമോദരൻ നന്പൂതിരി, പി. കുഞ്ഞിരാമൻ നായർ തുടങ്ങിയ പ്രശസ്തരുടെ പത്തോളം കവിതകൾ ആലപിച്ചു. കൂടാതെ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരുന്നു. പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
ജി.സി.സിയിലെ പ്രവാസി എഴുത്തുകാരുടെ കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് സമാജം വായനശാല പുറത്തിറക്കിയ ‘പവിഴമുത്തുകൾ’ എന്ന ജി.സി.സി കവിതാസമാഹാരത്തിന്റെ പ്രകാശനം ആർ.കെ ദാമോദരൻ ചടങ്ങിൽവെച്ച് നിർവ്വഹിച്ചു. ഈ കവിതാസമാഹാരത്തിൽ നിന്ന് ലഭിക്കുന്ന തുക സമാജത്തിന്റെ പാർപ്പിടപദ്ധതിയിൽ വായനശാല നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിന് വേണ്ടി ഉപയോഗിക്കുമെന്ന് ലൈബ്രേറിയൻ വിനയചന്ദ്രൻ പറഞ്ഞു. കവിതാസമാഹാരത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ചടങ്ങിൽ ആദരിച്ചു. സമാജം വായനശാലയിലെ പുസ്തകങ്ങളുടെ വിവരങ്ങളടങ്ങിയ ഒരു മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള നിർവ്‍വഹിച്ചു. ലൈബ്രറി കൺവീനർ ദിലീഷ്കുമാർ ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. പരിപാടിയോടനുബന്ധിച്ച് വിവിധ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനവും സമാജത്തിലെ വിവിധ സബ്കമ്മിറ്റി കൺവീനർമാർക്കുള്ള മൊമെന്റോ വിതരണവും ഉണ്ടായിരുന്നു.

