എഴുതുന്നത് കാഴ്ചയാക്കി മാറ്റാൻ കഴിയണം; ആർ.കെ
മനാമ: എഴുതുന്നത് വായനക്കാരന് മനസ്സിൽ കാഴ്ചയാക്കി രൂപപ്പെടുത്താൻ എഴുത്തുകാരന് സാധിക്കണമെന്നും അല്ലാതെ പരസ്യങ്ങളിലൂടെയുള്ള താൽക്കാലിക ലാഭമല്ല നമ്മുടെ സംസ്കാരത്തിന് യോജിച്ചതെന്നും പ്രമുഖ ഗാനരചയിതാവ് ആർ.കെ ദാമോദരൻ അഭിപ്രായപ്പെട്ടു. ബഹ്റൈനിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം 4 പി.എം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സമകാലീന സാഹിത്യ, സിനിമാഗാനങ്ങളെപ്പറ്റി പ്രതികരിച്ചത്.
സാഹിത്യത്തിൽ വായനക്കാരെ കിട്ടുന്നില്ല, അത് സാഹിത്യത്തിൽ ആനുകാലികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തമാണ്... ആലോചിച്ചുകൊണ്ടിരുന്നാൽ മാത്രമേ സാഹിത്യം അമൃതായി ഭക്ഷിക്കാൻ കഴിയുകയുള്ളൂ. ഇന്നത്തെ കാലത്ത് ആലോചിച്ചെടുത്ത് ആസ്വദിക്കാൻ ആരും മിനക്കെടുന്നില്ല. നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കുന്നതിന് പകരം അജിനോ മോട്ടോ ഇട്ട് സ്വാദ് പെട്ടെന്നുണ്ടാക്കുന്നത് ഭക്ഷിക്കാനാണ് ആളുകൾ തയ്യാറാവുന്നത്. ഇത്തരം മാർക്കറ്റിങ്ങുകളുടെ ഭാഗം തന്നെയാണ് തുറിച്ച് നോട്ടമെന്ന പേരിൽ മാറിടം പ്രദർശിപ്പിച്ചുകൊണ്ട് ‘അമ്മ’ പോലും അല്ലാത്ത ഒരു സ്ത്രീ അടുത്തിടെ മുഖചിത്രത്തിന് പോലും തയ്യാറായത്. പണ്ടൊക്കെ വാക്ക് കാഴ്ചയാകുന്ന അവസ്ഥയായിരുന്നു സാഹിത്യത്തിൽ. വാക്കുകൊണ്ട് മനസ്സിൽ ഒരു ചിത്രം സൃഷ്ടിക്കുവാൻ കഴിയണം. ആരോഗ്യമില്ലാത്ത മനസ്സുകളാണ് തുറിച്ചുനോട്ടം പോലുള്ള കാഴ്ചകളിലേയ്ക്ക് കടക്കുന്നത്. അമ്മയായാലും വികലമായ മനസ്സുകൾക്ക് അതൊരു പ്രശ്നമല്ല. ഇത്തരക്കാരിലേയ്ക്കാണ് പ്രസവിക്കാത്ത ഒരു പെൺകുട്ടി കേവലം പ്രശസ്തിക്ക് വേണ്ടി കുഞ്ഞിന് മുലകൊടുക്കുകയും അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നത്. തമോഗുണമുള്ള മനുഷ്യർ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ മുലകൊടുക്കുന്നത് തുറിച്ച് നോക്കാൻ വേണ്ടി മാത്രം നടക്കുന്നവർ ഉണ്ടെന്ന് പറയുന്നത് പ്രശസ്തിക്ക് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മാതൃസങ്കൽപ്പം എന്നത് നമ്മുടെ നാട്ടിൽ നിന്നുണ്ടായിട്ടുള്ളതാണ്. ഫെമിനിസമൊന്നും പുറത്തുനിന്നും വന്നതല്ല. എന്തൊക്കെ തുറന്നെഴുത്തുകൾ ഉണ്ടെങ്കിൽ പോലും ഞാൻ ഒരു ഫെമിനിസ്റ്റ് അല്ലെന്ന് എഴുത്തുകാരി മാധവിക്കുട്ടി കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ അർദ്ധനാരീശ്വര സങ്കൽപ്പം, അല്ലെങ്കിൽ സ്ത്രീയും പുരുഷനും ചേർന്നില്ലെങ്കിൽ പൂർണ്ണത ഇല്ലെന്നുള്ള കാര്യം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. ആ ഒരു പ്രതീകത്തെയാണ് വിൽപ്പന ചരക്കാക്കി തുലച്ചിരിക്കുന്നത്.
‘എന്നെ സിനിമയിൽ അഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആറ് മാസത്തോളം പീഡിപ്പിച്ചു എന്നാണ് അടുത്തയിടെ ചില വാർത്തകളിൽ കണ്ടത്. അപ്പോൾ സിനിമയിൽ അഭിനയിപ്പിക്കുകയാണെങ്കിൽ അവളുടെ ചാരിത്ര്യം വിൽക്കാൻ തയ്യാറാണെന്നല്ലേ അർത്ഥമെന്നും അദ്ദേഹം ചോദിച്ചു. സിനിമയിൽ അഭിനയിപ്പിച്ചാൽ പ്രശ്നമില്ല. ഇത് സ്ത്രീ, സ്ത്രീയെ തന്നെ അവഹേളിക്കുന്നതിന് തുല്യമാണ്. മാതൃക ആക്കേണ്ടതാണ് മാതൃകം. മാതൃകം ആക്കേണ്ടത് അമ്മയെ ആണ്. അമ്മയെ കണ്ടു പഠിക്കുക എന്ന പ്രയോഗം വന്ന് ചേർന്നത് അമ്മയിൽ നിന്നാണ്.
മാതൃഭാവവും ശൈശവ നിഷ്കളങ്കതയും മനോഹരമായി അവതരിപ്പിച്ച ബാലാമണിയമ്മയെ പോലെ, നിരവധിപേർ പിറവി കൊണ്ട നാട്ടിൽ പ്രചാരണത്തിന് വേണ്ടി അമ്മപോലും ആവാത്ത ഒരു സ്ത്രീയുടെ ഇത്തരം മാറിട പ്രദർശനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുല കാട്ടി മുദാ നാട്യം പലതുകാട്ടി ഉലകിട്ട് കുലുക്കുന്നു ചില കുട്ടി നതാംഗികൾ’ എന്ന് വെൺമണി മുൻപേ പറഞ്ഞത് ഈ അവസരത്തിൽ ഓർക്കേണ്ടതാണെന്നും നമ്മുടെ സംസ്കാരത്തിനോ സമൂഹത്തിനോ ഇത് ഉതകുന്നതല്ലെന്നും ആർ.കെ വ്യക്തമാക്കി.
സംഗീതത്തിന്റെ മേഖലയിലും പുതിയ സംസ്കാരം ഇപ്പോൾ ഉടലെടുത്തിരിക്കുകയാണെന്ന് പറഞ്ഞ ആർ.കെ മലയാള സിനിമയിൽ ഇപ്പോൾ പാട്ടുണ്ടോ എന്നാണ് അതേപ്പറ്റി പ്രതികരിച്ചത്.
നമ്മളെ പാട്ടിലാക്കുന്നതാണ് പാട്ട്. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ രാമായണം ‘കിളി പാട്ട്’ ആയിരുന്നു. അത് പാട്ടിന്റെ രൂപത്തിലാണ് എഴുതിയത്. ലവകുശന്മാർ പാട്ട് പാടി നടന്നു എന്നാണ് പറയുന്നത്. ചെറുശ്ശേരിയുടെ ‘കൃഷ്ണ ഗാഥ’യും പാട്ടാണ്. പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’ എന്ന് പറയുന്നതും പാട്ടാണ്. കവിതയെക്കാളും സ്ഥാനം പാട്ടിന് തന്നെയാണ്. അങ്ങിനെ അറിവിന്റെ പാട്ടുകൾ കേട്ട് വളർന്ന മലയാളത്തിന്റെ ഭാഷയിൽ വയലാർ, ഒ.എൻ.വി, ഭാസ്കരൻ മാഷ് തുടങ്ങിയ ത്രിമൂർത്തികൾ കവിതയുടെ അംശം കലർത്തിയ ഗാനരചയിതാക്കളായിരുന്നു. ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്നെ ‘രവിവർമ്മ ചിത്രത്തിന് രതിഭാവമേ’, ‘ചന്ദ്രകിരണത്തിൻ’ തുടങ്ങി ഏറെ പ്രശസ്തമാക്കിയ ഗാനരചനകൾ നിർവ്വഹിക്കാൻ തനിക്കായത് ഇത്തരം പ്രതിഭകളുടെ പ്രചോദനം ഉൾക്കൊണ്ടതുകൊണ്ടാണെന്നും ആർ.കെ പറഞ്ഞു. കർണ്ണാടക സംഗീതത്തിന്റെ രാഗഭാവങ്ങൾ നൽകി ദക്ഷിണാമൂർത്തിയും ദേവരാജൻ മാഷും, അർജുനൻ മാഷുമെല്ലാം കവിതയ്ക്ക് ജീവൻ നൽകിയപ്പോൾ നാടൻ പാട്ടിന്റെ അംശം കൂടി ആവാഹിച്ച് രാഘവൻമാഷും, ഹിന്ദുസ്ഥാനിയുടെ കൈവഴികളിലൂടെ ബാബുരാജ്, സലിൽ ചൗധരി തുടങ്ങിയവർ മലയാളത്തിൽ സൃഷ്ടിച്ച പാട്ടുകളിൽ നിന്ന് ഇന്നത്തെ ഗാനങ്ങൾ ഏറെ വിഭിമാനമായി പോയി. അതിന്റെ പ്രധാന ഉത്തരവാദിത്വം എ.ആർ റഹ്‌മാനാണ്. മുക്കാലാ എന്ന അർത്ഥമില്ലാത്ത പദം കാതടപ്പിക്കുന്ന ഉപകരണങ്ങളോടെ മുഴങ്ങിയപ്പോൾ പാട്ടുകളുടെ മെലഡി നഷ്ടപ്പെട്ടു. പ്രതിഭാധനനായ ആർ.കെ ശേഖറിന് ലഭിക്കാത്ത അംഗീകാരം ലഭിച്ചത് ഇത്തരം കാതടപ്പിക്കുന്ന സംഗീതം നൽകിയ അദ്ദേഹത്തിന്റെ മകനാണെന്നത് വിരോധാഭാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോഴും ടി.വിയിലും മത്സരങ്ങളിലും പുതിയ തലമുറയിൽപ്പെട്ട കുട്ടികളോട് ഒരു പാട്ട് പാടാൻ പറഞ്ഞാൽ പാടുന്ന പഴയ പാട്ടുകൾ അവരുടെയൊക്കെ ഉള്ളിൽ എവിടെയോ ആത്മാംശം ഉണ്ടെന്നുള്ള തോന്നലിൽ നിന്നാണ്. കേരളത്തിൽ ഗാനമേളകൾ തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാനമേള അവതരിപ്പിച്ചുകഴിഞ്ഞാൽ ക്ഷേത്രങ്ങളിൽ ആളുകൾ നൃത്തം ചെയ്ത് പിന്നീട് അത് സംഘട്ടനങ്ങളും പോലീസ് ലാത്തി ചാർജ്ജിലേയ്ക്കും കടക്കുന്ന അവസ്ഥയിലേയ്ക്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.ആർ റഹ്‌മാന് ഓസ്കാർ കൊടുത്തത് ഇന്ത്യയെ അപമാനിച്ചതിന് തുല്യമാണെന്നും, സ്വന്തം അഭിപ്രായം എവിടെയും വെട്ടിത്തുറന്ന് പറയുന്നതിൽ തനിക്ക് മടിയില്ലെന്നും അതുകൊണ്ട് അവസരങ്ങൾ നഷ്ടമാകുന്നതിൽ തെല്ലും പേടിയില്ലെന്നും ആർ.കെ വ്യക്തമാക്കി.
ഇന്ന് വൈകീട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ച് നടക്കുന്ന കാവ്യസന്ധ്യയിൽ ആർ.കെ ദാമോദരനെ ആദരിക്കും. തുടർന്ന് പ്രമുഖ കവികളുടെ കവിതകൾ ബഹ്‌റൈനിലെ കലാകാരന്മാർ അവതരിപ്പിക്കും.

