അൽബ 97.9 മില്യൺ യു.എസ് ഡോളർ ലാഭവിഹിതം വിതരണം ചെയ്യും
മനാമ : 2017 സാന്പത്തിക വർഷത്തിൽ അലൂമിനിയം ബഹ്‌റൈൻ (അൽബ) 36.8 മില്യൺ ബഹ്‌റൈൻ ദിനാർ (97.9 ദശലക്ഷം അമേരിക്കൻ ഡോളർ) ലാഭവിഹിതം വിതരണം ചെയ്യും. കന്പനിയുടെ 26 ഫിൽസ് വിലയുള്ള ഷെയറുകളുടെ 26 ശതമാനത്തിന് തുല്യമാണ് ഈ തുക. 2018 മാർച്ച് 7ന് തീരുമാനിച്ച പ്രകാരം അൽബയുടെ ഷെയർ ഹോൾഡർമാർക്ക് 2018 മാർച്ച് 21ന് ലാഭവിഹിതം വിതരണം ചെയ്യും. മാർച്ച് ഒന്നിന് അൽ−ദാന ഹാളിൽ ചേർന്ന കന്പനിയുടെ ജനറൽ മീറ്റിംഗ് ആണ് ഈ തീരുമാനമെടുത്തത്. 2017 മാർച്ച് 21ന് നടന്ന മുൻ ഓർഡിനറി ജനറൽ മീറ്റിങ്ങിന്റെ മിനിറ്റ്സിന് അംഗീകാരം ലഭിച്ചു. 2017 സാന്പത്തിക വർഷത്തിലെ ഡയറക്ടർമാരുടെ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
2017ൽ വിവിധ മേഖലകളിലെ സുരക്ഷ, ഉൽപ്പാദനക്ഷമത, സാന്പത്തിക പ്രകടനം എന്നിവയിൽ അൽബയ്ക്ക് അസാധാരണമായ പ്രകടനം കാഴ്ചവെയ്ക്കാനായെന്നും വെല്ലുവിളികളെ മറികടക്കാനായെന്നും അൽബയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഷെയ്ഖ് ദയ്ജ് ബിൻ സൽമാൻ ബിൻ ദയ്ജ് അൽ ഖലീഫ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ലോഹ വ്യവസായകർ എന്ന നിലയിൽ എത്തിച്ചേരാനാണ് അൽബ പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൽബയുടെ മൊത്തം വിൽപ്പന 857.8 മില്യൺ ബഹ്‌റൈൻ ദിനാറും ഇബിഐടിഡിഎ 160 മില്യൺ ബഹ്‌റൈൻ ദിനാറും ആയിരുന്നെന്നും മൊത്തവരുമാനം 92.5 മില്യൺ ബഹ്‌റൈൻ ദിനാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

