അൺബൗണ്ട് ബഹ്റൈനിൽ ആരംഭിച്ചു
മനാമ : 1500 വിദഗ്ദ്ധരും അൻപതോളം സ്റ്റാർട്ടപ്പ് കന്പനികളുമായി ‘അൺബൗണ്ടി’ന്റെ ആദ്യ പതിപ്പ് ബഹ്റൈനിൽ ആരംഭിച്ചു. സംരംഭകരെയും വിദഗ്ദ്ധരെയും ഒന്നിച്ച് കൊണ്ടുവരിക എന്നതാണ് അൺബൗണ്ട് ലക്ഷ്യമിടുന്നത്. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന സ്റ്റാർട്ടപ്പ് വീക്കിന്റെ ഭാഗമായാണ് അൺബൗണ്ട് സംഘടിപ്പിച്ചത്. സാന്പത്തിക വികസന ബോർഡും സ്റ്റാർട്ടപ്പ് ബഹ്റൈനുമാണ് അൺബൗണ്ടിനെ ബഹ്റൈനിലെത്തിച്ചത്.
മുതിർന്ന ബിസിനസുകാരും സാന്പത്തിക വിദഗ്ദ്ധരും അൺബൗണ്ടിൽ സംസാരിച്ചു. സംരംഭകർക്ക് അവരുടെ ആശയങ്ങൾ നിക്ഷേപകരുമായി സംവദിക്കാനുള്ള അവസരവും അൺബൗണ്ടിൽ ഒരുക്കിയിരുന്നു. ഫിൻടെക്, അഡ്ടെക്, ട്രാവൽ, ഇ-−കൊമേഴ്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള അൻപതോളം കന്പനികളാണ് ചടങ്ങിൽ പങ്കെടുത്തത്. അൺബൗണ്ട് ഇന്നോവേഷൻസ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ ഡാനിയൽ സീൽ, റ്റാംകീൻ ചീഫ് ഇൻവെസ്റ്റ്മെന്റ് ആന്റ് മാർക്കറ്റിംഗ് ഓഫീസർ ഡോ. നാസർ അലി ഖായിദി, ബഹ്റൈൻ എക്കണോമിക് ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഖാലിദ് അൽ റുമൈഹി, ബഹ്റൈനിലെ യു.കെ അംബാസിഡർ സൈമൺ മാർട്ടിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അൺബൗണ്ടിൽ വിവിധ സെമിനാറുകളും വർക്ക്ഷോപ്പുകളും നടന്നു. ടുണീഷ്യ, കെയ്റോ, ദുബൈ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ അൺബൗണ്ടിന് സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നും ഇത്തരം ഒരു അവസരം ഒരുക്കിയ ഇ.ഡി.ബിക്ക് നന്ദി അറിയിക്കുന്നതായും അൺബൗണ്ട് ഇന്നോവേഷൻസ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ ഡാനിയൽ സീൽ പറഞ്ഞു. ഇന്ന് നമുക്ക് വലിയ ജനപങ്കാളിത്തമുണ്ടെന്നും 1500−ൽ കൂടുതൽ പേർ രജിസ്ട്രേഷൻ നടത്തിയതായും അദ്ദേഹം പറഞ്ഞു.

