സുമനസ്സുകളുടെ ‘തണലിൽ’ അഫ്സൽ നാട്ടിലേയ്ക്ക്
മനാമ: മോഷ്ടാക്കളുടെ ആക്രമണത്തിൽ കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സൽ (29) ബഹ്റൈനിലെ സുമനസ്സുകളുടെ തണലിൽ നാട്ടിലേയ്ക്ക് മടങ്ങുന്നു. ജീവകാരുണ്യ പ്രസ്ഥാനമായ തണൽ ആണ് ഇദ്ദേഹത്തിന്റെ കേരളത്തിലെ തുടർ ചികിത്സ നടത്താമെന്ന് ഏറ്റിട്ടുള്ളത്. കൂട്ടിരിപ്പിനുള്ള സഹായി അടക്കമുള്ള പരിചരണവും തണലിന്റെ നേതൃത്വത്തിൽ തന്നെയുണ്ടാകും. നാളെ രാത്രി 8:30ന്റെ ഗൾഫ് എയർ വിമാനത്തിലാണ് അഫ്സലിനെ നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത്. കൊച്ചിയിൽ നിന്ന് ഇദ്ദേഹത്തെ തണലിന്റെ ആംബുലൻസിൽ കോഴിക്കോടേയ്ക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്. തണൽ ചെയർമാൻ ഡോ. ഇദ്രിസ് വിദഗ്ദ്ധ ഡോക്ടർമാരുമായി അഫ്സലിന്റെ ചികിത്സ സംബന്ധിച്ച ചർച്ചകൾ നടത്തുകയും ഇഖ്റ ആശുപത്രിയിൽ തുടർ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനവും ഏർപ്പെടുത്തുകയുമായിരുന്നു.
സഹജീവിയോടുള്ള സ്നേഹം എന്ന മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, തങ്ങളിൽ ഒരാളുടെ ദുരവസ്ഥയ്ക്ക് താങ്ങും തണലുമാകുന്ന കാഴ്ചയാണ് അഫ്സലിന്റെ കാര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് മുതൽ ഇവിടെയുള്ള നിരവധി സംഘടനകളാണ് അഫ്സലിന് സഹായവുമായി എത്തിയത്. സാമൂഹ്യ പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആരംഭിച്ച ധനസമാഹരണം പിന്നീട് പ്രാദേശിക സംഘടനകൾ ഏറ്റെടുക്കുകായായിരുന്നു. രാഷ്ട്രീയ, മത ചേരി തിരിവുകളില്ലാതെ അഫ്സലിന് വേണ്ടി മുന്നിട്ടിറങ്ങിയ പ്രവാസികൾ അങ്ങിനെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അഫ്സലിന് ചികിത്സയ്ക്ക് ആവശ്യമായ തുക സ്വരൂപിക്കാനായിരുന്നു സാമൂഹ്യ പ്രവർത്തകർ ധനസമാഹരണം ആരംഭിച്ചതെങ്കിലും തുടർ ചികിത്സ തീർത്തും സൗജന്യമായി ഏറ്റെടുത്ത് നടത്താൻ തണൽ തയ്യാറായതോടെ അഫ്സലിന് വേണ്ടി സ്വരൂപിച്ച പണം അദ്ദേഹത്തിന് വീട് പണിയുന്നതിനും ഭാവി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും വിനിയോഗിക്കാനാണ് മാറ്റിവെയ്ക്കുന്നത്.
രാഷ്ട്രീയ വാഗ−്വാദങ്ങളും ട്രോളുകളും നിറഞ്ഞ് നിന്ന വാട്സ്ആപ് ഗ്രൂപ്പുകൾ ജീവകാരുണ്യത്തിന്റെ വഴിയിലേയ്ക്ക് മാറിയ പ്രവണതയും ഇതോടെ കണ്ട് തുടങ്ങിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ സാമൂഹ്യ പ്രവർത്തകരുടെ ഏകീകരണം വേണമെന്ന് 4 പി.എം ന്യൂസ് മുന്നോട്ട് െവച്ച ആശയം ഏറെക്കുറെ പ്രാവർത്തികമാവുകയും ചെയ്തു. പ്രവാസി കമ്മീഷൻ അംഗം കൂടിയായ സുബൈർ കണ്ണൂരിന്റെ ഇടപെടലും ഇത്തരം ഏകീകരണ പ്രവർത്തനങ്ങൾക്ക് തുണയായി. അതോടൊപ്പം സഹായങ്ങൾ വേണ്ടുന്ന സന്ദർഭങ്ങളിൽ ഇന്ത്യൻ എംബസിയുടെ ശ്രദ്ധ ഇത്തരം പ്രശ്നങ്ങളിൽ കൂടി പതിപ്പിക്കാൻ ഇതുപോലുള്ള പ്രവർത്തനങ്ങൾ സഹായമാകുന്നു.

