മനാമ സൂക്ക് നവീകരണം; ആറ് ദശലക്ഷം ദിനാറിന്റെ പദ്ധതി പ്രഖ്യാപിച്ചു
മനാമ: മനാമ സൂക്ക് നവീകരിക്കുന്നതിനായി ആറ് ദശലക്ഷം ബഹ്‌റൈൻ ദിനാറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ബാബ്അൽ ബഹ്‌റൈൻ മാളിന്റെ പുനരുദ്ധാരണവും, ബാബ്അൽ ബഹ്റൈനിന്റെ മുൻവശം വൃത്താകൃതിയിൽ നിന്ന് ചതുരാകൃതിയിലേക്ക് മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പരന്പരാഗത കരകൗശല വസ്തുക്കൾക്കായുള്ള ഗാലറികളും വർക്ക്ഷോപ്പുകളും, തൽസമയ പ്രകടനങ്ങളും ഉൾപ്പെടുത്താനും, കഫേകളും കടകളും ആരംഭിക്കാനും പദ്ധതിയുണ്ട്. സൂക്ക് വഴിയുള്ള ട്രാഫിക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ കാർ പാർക്കിംഗ് ഒരുക്കാനും നീക്കമുണ്ട്. ഇന്നലെ നടന്ന യോഗത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്‌വിട്ടത്. മൂന്ന് ദശലക്ഷം ദിനാർ വീതം നിക്ഷേപിച്ച് വാണിജ്യ വ്യവസായ ബഹ്റൈൻ ചേംബറും വ്യവസായ വാണിജ്യ, ടൂറിസം മന്ത്രാലയവും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

