കൺസ്യൂമർ പ്രൊട്ടക്ഷൻ എക്സിബിഷൻ ബഹ്റൈനിൽ ആരംഭിച്ചു
മനാമ: സിറ്റി സെന്റർ മാളിൽ ‘ഇ--കൊമേഴ്സ്, ഇ--ഫ്രോഡ് അവബോധം’ എന്ന ബാനറിൽ മൂന്ന് ദിവസത്തെ വാർഷിക കൺസ്യൂമർ പ്രൊട്ടക്ഷൻ എക്സിബിഷൻ ഉദ്ഘാടനം വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പ് മന്ത്രി സയിദ് ബിൻ റഷിദ് അൽ സയാനി നിർവ്വഹിച്ചു. വലിയ തട്ടിപ്പുകളൊന്നും കൂടാതെ ഇ--കൊമേഴ്സിനെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. ലോക ഉപഭോക്തൃ അവകാശ ദിനവും ഗൾഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ വീക്കും ആഘോഷിക്കുന്നതോടൊപ്പം ഉപഭോക്തൃ താൽപ്പര്യ സംരക്ഷണത്തിനായുളള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഈ പരിപാടി.
ഇ--കൊമേഴ്സിനേയും ഇ--ട്രാൻസാക്ഷൻ ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, തട്ടിപ്പിലുള്ള വർദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ ഇക്കാര്യത്തിൽ ബോധവത്കരിക്കേണ്ടതുണ്ടെന്നും, ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ധാരാളം ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്നും, രണ്ട് കക്ഷികൾക്കിടയിലുള്ള ഇടപാടിൽ, അവരുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച് ഇരുകൂട്ടരെയും ബോധവൽക്കരിക്കേണ്ടതുണ്ട്, അതിലൂടെ അവർക്ക് അവരുടെ ഇടപാടിൽ സംരക്ഷണം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
ബഹ്റൈൻ സെൻട്രൽ ബാങ്കിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ മന്ത്രി സയിദ് ബിൻ റഷിദ് അൽ സയാനിയുടെ നേതൃത്വത്തിൽ നടന്ന പ്രദർശനം, ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും ഇടപാടുകളിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കാൻ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

