ലോക പൈതൃക കമ്മിറ്റി യോഗം ജൂൺ 24ന് ബഹ്റൈനിൽ ആരംഭിക്കും
മനാമ: 42ാമത് ലോക പൈതൃക കമ്മിറ്റി യോഗം, ജൂണിൽ ബഹ്റൈനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോക പൈതൃകത്തെ സംബന്ധിച്ച ഏറ്റവും വലിയ സമ്മേളനമായ ഈ യോഗം ജൂൺ 24 മുതൽ ജൂലൈ നാല് വരെയാണ് നടക്കുക. ഉദ്ഘാടന ചടങ്ങ് ജൂൺ 24ന് ബഹ്റൈൻ നാഷ്ണൽ തിയേറ്ററിൽ നടക്കും.
ലോക സാംസ്കാരത്തിന്റെയും പ്രകൃതിയുടെയും പൈതൃകം സംരക്ഷിക്കുന്നതിനായി രൂപപ്പെടുത്തിയ വേൾഡ് ഹെറിട്ടേജ് കമ്മിറ്റിയിൽ ഉൾപ്പെടുന്നത് 21 രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്. സമിതിയിൽ നിലവിലുള്ള രാജ്യങ്ങൾ - അങ്കോള, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, ബോസ്നിയ ഹെർസെഗോവിന, ബ്രസീൽ, ബുർക്കിനാ ഫാസോ, ചൈന, ക്യൂബ, ഗ്വാട്ടിമാല, ഹംഗറി, ഇൻഡോനേഷ്യ, കുവൈത്ത്, കിർഗിസ്ഥാൻ, നോർവേ, സെയ്ന്റ് കിറ്റ്സ് നെവിസ്, സ്പെയിൻ, ടുണീഷ്യ, ഉഗാണ്ട, ടാൻസാനിയ, സിംബാബ്വെ എന്നിവയാണ്.
ലോക പൈതൃക കമ്മിറ്റി യോഗത്തിൽ ലോകമെന്പാടുമുള്ള മന്ത്രിമാർ, അംബാസിഡർമാർ, പൈതൃക വിദഗ്ദ്ധർ എന്നിവരടക്കമുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും പിന്തുണയോടെ സാംസ്കാരിക-പൗരാണിക ബഹ്റൈൻ അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുക.
രാജ്യത്തിന്റെ തനതായ പൈതൃകത്തെ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇതെന്നും, ബഹ്റൈൻ അത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും സാംസ്കാരിക-പൗരാണിക ബഹ്റൈൻ അതോറിറ്റി പ്രസിഡണ്ട് ഷെയ്ഖ മെയ് ബിന്റ് മൊഹമ്മദ് അൽ ഖലീഫ പറഞ്ഞു.

