ചാരവൃത്തി കേസിൽ വിചാരണ മാർച്ച് എട്ടിലേയ്ക്ക് മാറ്റി; ബഹ്‌റൈൻ
മനാമ: ഹൈ ക്രിമിനൽ കോടതി ഖത്തർ ചാരവൃത്തി കേസിൽ വിചാരണ, മാർച്ച് എട്ടിലേയ്ക്ക് മാറ്റി. അലി സൽമാൻ അലി അഹമ്മദ്, ഹസൻ അലി ജുമാ സുൽത്താൻ, അലി മെഹ്ദി അലി അൽ അസ്വാദ് എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളതെന്ന് അഡ്വക്കേറ്റ് ജനറൽ ഒസാമ അൽ ഔഫി പറഞ്ഞു.
ബഹ്റൈനെതിരായ ശത്രുതാപരമായ നടപടികൾ കൈക്കൊള്ളുന്നതിനായി ഒരു വിദേശ രാജ്യവുമായി ഇന്റലിജൻസ് കൈമാറ്റം ചെയ്യുക, രാഷ്ട്രീയവും സാന്പത്തികവുമായ നിലപാടിനെ തകർക്കുക, രാഷ്ട്രീയ വ്യവസ്ഥിതിയെ തകിടം മറിക്കാൻ ദേശീയ താൽപര്യങ്ങൾ ഇല്ലാതാക്കുക എന്നിവയിൽ കുറ്റാരോപിതർ വിചാരണ നേരിടും. കൂടാതെ, ഒരു വിദേശ രാജ്യത്തോട് പ്രതിരോധ രഹസ്യങ്ങൾ വെളിപ്പെടുത്തുക, സൈനിക രഹസ്യങ്ങളും രാജ്യത്തിന്റെ ആഭ്യന്തര സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചതിന് വിദേശ രാജ്യത്ത് നിന്ന് പണം സ്വീകരിക്കുക, രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിന് വിദേശത്ത് നിന്നുള്ള കിംവദന്തികൾ പ്രചരിപ്പിക്കുക, രാജ്യത്തിന്റെ അന്തസ്സ് തകർക്കുക എന്നീ കുറ്റങ്ങളിലും പ്രതികൾക്ക് വിചാരണ നേരിവേണ്ടി വരും.

