പിറന്നാൾ ദിനത്തിൽ ഭർത്താവിന് സമ്മാനിക്കാൻ ശ്രീദേവിക്ക് ലഭിച്ചത് ഓഡികാർ
മനാമ : ബഹ്റൈനിൽ ജോലി ചെയ്യുന്ന എറണാകുളം പെരുന്പാവൂർ സ്വദേശി അരുണിന് ഇത്തവണത്തെ പിറന്നാൾ ദിന സർപ്രൈസ് ഒരിക്കലും മറക്കാൻ കഴിയില്ല. കാരണം ആ ദിവസം ഭാര്യ ശ്രീദേവി വില കൂടിയ ഒരു ഓഡി കാറാണ് അരുണിന് പിറന്നാൾ സമ്മാനമായി നൽകിയത്. ഗൾഫ് രാജ്യങ്ങളിലെ ഉപഭോക്താക്കളെ ഉൾപ്പടുത്തിക്കൊണ്ട് ജോയ് ആലുക്കാസ് ഒരുക്കിയ സമ്മാന പദ്ധതിയിലൂടെ ശ്രീദേവിയുടെ പേരിൽ ബംബർ സമ്മാനമായി ലഭിച്ച ഓഡി കാറാണ് ഇവരുടെ പിറന്നാൾ ദിനത്തിലെ സർപ്രൈസ് ഗിഫ്റ്റ് ആയി മാറിയത്.
ഡിസംബർ മാസം അരുൺ മനാമ ഗോൾഡ് സിറ്റിയിലെ ജോയ് ആലുക്കാസിൽ നിന്ന് ഭാര്യയ്ക്കും മക്കൾക്കും ആഭരങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച കൂപ്പണിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് ശ്രീദേവിക്ക് ഈ ഭാഗ്യ സമ്മാനം ലഭിച്ചത്. ശ്രീദേവിക്ക് ഒരു കമ്മലും, മക്കൾക്ക് മാലയും വാങ്ങിയപ്പോൾ എട്ടോളം കൂപ്പണുകളാണ് ജ്വല്ലറിയിൽ നിന്നും ലഭിച്ചത്. ശ്രീദേവിയാണ് കൂപ്പണുകൾ എല്ലാം പൂരിപ്പിച്ച് സമ്മാനപ്പെട്ടിയിൽ നിക്ഷേപിച്ചത്. ശ്രീദേവി സ്വന്തം പേരാണ് ഇതിൽ എഴുതിയതെങ്കിലും മൊബൈൽ നന്പർ അരുണിന്റേതായിരുന്നു കൊടുത്തത്. അരുണിന്റെ പിറന്നാൾ ദിനമായ ഡിസംബർ 18നായിരുന്നു ജോയ് ആലുക്കാസ് ബംബർ സമ്മാനത്തിന്റെ നറുക്കെടുപ്പ്. ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് നേരിട്ടെത്തിയാണ് നറുക്കെടുത്തത്. ആയിരക്കണക്കിന് കൂപ്പണുകളിൽ നിന്ന് ഒന്നാം സമ്മാനമായി ലഭിച്ചതാകട്ടെ ശ്രീദേവി എഴുതിയിട്ട കൂപ്പണിനും. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ സാധാരണ ദിവസം പോലെ പിറന്നാൾ ദിനവും കടന്നുപോവുമായിരുന്ന അരുണിനെ തേടിയെത്തിയത് ഓഡി കാറിന്റെ ഉടമയായി എന്നുള്ള ജോയ് ആലുക്കാസിൽ നിന്നുള്ള ഫോൺ സന്ദേശമായിരുന്നു. അതോടെ പിറന്നാൾ ദിനം ആഘോഷത്തിന്റേതായി മാറി. സ്വർണ്ണം വല്ലപ്പോഴും വാങ്ങുന്നതാണ് രീതിയെന്നും, വാങ്ങുന്നുണ്ടെങ്കിൽ ജോയ് ആലുക്കാസിൽ നിന്നും തന്നെ ആണെന്നും, പ്രമോഷൻ കണ്ടപ്പോൾ കൗതുകത്തിന് കൂപ്പൺ എഴുതിയിടാൻ ഭാര്യയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പറഞ്ഞ അരുൺ പക്ഷെ ജ്വല്ലറിയിൽ പ്രദർശനത്തിന് െവച്ച ഓഡി കാർ തനിക്ക് സ്വന്തമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്നും സന്തോഷത്തോടെ പറയുന്നു. 10 വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന അരുൺ ഇപ്പോൾ ആർ റിഫാ സ്റ്റാർ കോൺട്രാക്ടിംഗ് കന്പനിയിൽ ജോലിചെയ്യുന്നു. മക്കൾ: ആദിത്യൻ, ഉത്തര.

