പാർട്ടിയിൽ വിഭാഗീയത ഇല്ലാതായി, മന്ത്രിസഭാ പുനഃസംഘടന അജണ്ടയിൽ ഇല്ല : കോടിയേരി
തൃശ്ശൂർ : സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ഏകകകണ്ഠമായാണ് കോടിയേരിയെ വീണ്ടും തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടേത് അല്ലാതെ മറ്റാരുടെയും പേര് പാർട്ടിയുടെ പരിഗണനയിലില്ലായിരുന്നു.
87 അംഗ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ 10 പുതുമുഖങ്ങളുണ്ട്. എ.എൻ ഷംസീർ എം.എൽ.എയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് പി.എ മുഹമ്മദ് റിയാസും സംസ്ഥാന കമ്മിറ്റിയിൽ ഇടം പിടിച്ചു. സി.എച്ച് കുഞ്ഞന്പു, ഗിരിജാ സുരേന്ദ്രൻ, ആർ. നാസർ, പി. ഗഗാറിൻ, ഇ.എൻ മോഹൻദാസ്, കെ.വി രാമകൃഷ്ണൻ, കെ. സോമപ്രസാദ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ മറ്റ് പുതുമുഖങ്ങൾ. ഗോപി കോട്ടമുറിയ്ക്കൽ സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തി. ടി.കെ ഹംസ, പി. ഉണ്ണി, കെ. കുഞ്ഞിരാമൻ, പിരപ്പൻകോട് മുരളി, കെ.എം സുധാകരൻ, സി.കെ സദാശിവൻ, സി.എ മുഹമ്മദ്, എൻ.കെ രാധ എന്നിവരെ ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയിൽ വി.എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദുകുട്ടി, പി.കെ ഗുരുദാസൻ, കെ.എൻ രവീന്ദ്രനാഥ്, എം.എം ലോറൻസ് എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.
പാർട്ടിയിൽ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു. പാർട്ടിയിൽ ഇന്നൊരു അഭിപ്രായമേയുള്ളുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ധലം നിലനിർത്തും. മന്ത്രിസഭാ പുനഃസംഘടനയ്ക്കു സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. മന്ത്രിമാരുടെ പ്രവർത്തനം വിലയിരുത്താൻ പാർട്ടിക്ക് സംവിധാനമുണ്ട്. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി യെച്ചൂരി നടത്തിയ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെയല്ല. കോൺഗ്രസുമായി സഖ്യമില്ലെന്നാണ് കേന്ദ്രകമ്മറ്റി തീരുമാനം. അതാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. കേരള കോൺഗ്രസുമായി ചേരാൻ സി.പി.എം തീരുമാനിച്ചിട്ടില്ല. ശുഹൈബ് വധക്കേസിൽ പാർട്ടിക്കാരുണ്ടെങ്കിൽ നടപടി എടുക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

