നബീൽ രജബിന് അഞ്ച് വർഷത്തെ തടവുശിക്ഷ
മനാമ : ബഹ്‌റൈന്റെ സഖ്യകക്ഷികളുമായുള്ള ബന്ധത്തിന് വിള്ളൽ സൃഷ്ടിക്കുന്ന രീതിയിൽ വ്യാജ പ്രചരണങ്ങൾ നടത്തിയെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി നബീൽ രജബിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
ബഹ്‌റൈനെ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിലൂടെ തെറ്റിദ്ധാരണ പരത്തിയതും, പീനൽ കോഡിലെ ആർട്ടിക്കിൾ 133 പ്രകാരം കിംവദന്തികൾ പ്രചരിപ്പിച്ചു എന്നതുമാണ് നബീൽ രജബിനെതിരെയുള്ള ആരോപണങ്ങൾ. പീനൽ കോഡിലെ ആർട്ടിക്കിൾ 215 പ്രകാരം ഒരു വിദേശ രാജ്യത്തിനെ അവഹേളിക്കുക, ആർട്ടിക്കിൾ 216 പ്രകാരം അധിക്ഷേപിക്കുക എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ബഹ്‌റൈന്റെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് 2017 ജൂലൈ രണ്ടിന് രജബിന് രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

