ബഹ്‌റൈൻ ഇന്റർ­നാ­ഷണൽ ഗാ­ർ­ഡൻ ഷോ­യ്‌ക്ക് മി­കച്ച പ്രതി­കരണം


മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ചു. ബഹ്‌റൈൻ രാജാവിന്റെ പത്നിയും നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് (എൻ.ഐ.എ.ഡി) പ്രസിഡണ്ടുമായ പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹിം അൽ ഖലീഫയാണ് ഷോ ഉദ്‌ഘാടനം ചെയ്തത്. ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ മേൽനോട്ടത്തിൽ പ്രിൻസസ് സബീഖ നേതൃത്വത്തിൽ ‘ഫുഡ് സേഫ്റ്റി ആന്റ് ഹ്യൂമൻ ഹെൽത്ത്’ എന്ന ബാനറിലാണ് എൻ.ഐ.എ.ഡി. ഗാർഡൻ ഷോ സംഘടിപ്പിക്കുന്നത്. 

ദേശീയ സന്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രാദേശിക കാർഷിക ഉൽപ്പന്നം വർദ്ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ പിന്തുണയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾക്ക് നേതൃത്വം നൽകുന്ന രാജാവിനെ പ്രിൻസസ് സബീഖ പ്രശംസിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോയുടെ ആഭിമുഖ്യത്തിൽ കാർഷിക മേഖലയുടെ വികസനത്തിനും ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതിനും 1950കളിൽ കൈക്കൊണ്ട നടപടികളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിൻസസ് സബീഖ പറഞ്ഞു.

ഉയർന്ന നിലവാരമുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാർഷിക രീതികൾ ഒഴിവാക്കുന്നതിനും നടപടികൾ അത്യാവശ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ ഗാർഡൻ ക്ലബ് മത്സരത്തിൽ വിജയികളായവർക്ക് പ്രിൻസസ് സബീഖ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഈ വർഷത്തെ പ്രദർശനത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികതകളും ജലസേചന മാർഗ്ഗങ്ങളും പ്രദർശിപ്പിക്കും. അമേരിക്ക, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്സ്, റഷ്യ, ഗ്രീസ്, യു.കെ, ജപ്പാൻ, ഇന്ത്യ, ചൈന, ഇന്തോനേഷ്യ, തുർക്കി, മാലി എന്നീ രാജ്യങ്ങളിൽ നിന്നും പ്രാദേശിക, അറബ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, മൊറോക്കോ, ജോർദാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുമുള്ള 155 പ്രദർശക്കാരാണ് ഷോയിൽ പങ്കെടുക്കുന്നത്. 

പൊതു സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, കാർഷിക നഴ്സറികൾ, കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കന്പനികൾ എന്നിവയും ഷോയിൽ സംബന്ധിക്കുന്നുണ്ട്. ഗാർഡൻ ഷോ ഫെബ്രുവരി 25ന് സമാപിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed