ആര്യയ്ക്ക് പിറകെ അഫ്സലിനും കൈത്താങ്ങ് ഒരുക്കി ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ്
മനാമ: രോഗം മൂലം കഷ്ടത അനുഭവപ്പെടുന്ന കേരളത്തിലെ ആര്യ എന്ന കുട്ടിയുടെ ജീവിതത്തിൽ സഹായ ഹസ്തം നൽകിയതിന് പിന്നാലെ കവർച്ചക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കൊല്ലം സ്വദേശി അഫ്സലിനും സാമൂഹ്യ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് മാതൃകാപരമായ കൈത്താങ്ങാകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആര്യയ്ക്ക് സ്വരൂപിച്ചത് പോലെ വാട്സ്ആപ് കൂടായ്മയിലെ സജീവ അംഗങ്ങൾ ആരംഭിച്ച ധനസമാഹരണം വളരെ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ഇക്കാര്യത്തിൽ കൂട്ടായ്മയിലെ രാഷ്ട്രീയവും വലിപ്പച്ചെറുപ്പവും പദവികളും എല്ലാം മറന്ന് ഒന്നിക്കുന്ന കാഴ്ച ജി.സി.സി രാജ്യങ്ങളിൽ എല്ലായിടത്തുമുള്ള സാമൂഹ്യപ്രവർത്തകർക്ക് മാതൃകയാണ്. ആര്യയ്ക്ക് സഹായം നൽകിയപ്പോൾ പ്രവാസികൾക്കിടയിൽ തന്നെയുള്ള നിരവധിപേർ കഷ്ടത അനുഭവിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവർക്ക് സഹായം നൽകണമെന്നുമുള്ള ആവശ്യം ഉയരവെയാണ് ആകസ്മികമായി അഫ്‌സലിന് ഇത്തരമൊരു ദുര്യോഗമുണ്ടായത്. അതുകൊണ്ടുതന്നെ സഹായം അർഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സാമൂഹ്യപ്രവർത്തകരുടെ ശ്രദ്ധ അതിലേയ്ക്ക് പതിക്കുകയായിരുന്നു.
ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് കൂട്ടായ്മയിലെ അംഗവും പ്രവാസി കമ്മീഷൻ അംഗവും കൂടിയായ സുബൈർ കണ്ണൂരും ഈ കൂട്ടായ്മയെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റ് സാമൂഹ്യ പ്രവർത്തകർ ചെയ്യുന്ന പ്രവർത്തനങ്ങളെയും രാഷ്ട്രീയം മറന്നുകൊണ്ട് അദ്ദേഹം ഗ്രൂപ്പിലൂടെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇതോടെ ട്രോളുകളും, രാഷ്ട്രീയ വാഗ−്വാദങ്ങളും നിറഞ്ഞിരുന്ന സോഷ്യൽ ഗ്രൂപ്പ് ഇപ്പോൾ ഏറെക്കുറെ ജീവകാരുണ്യ ഗ്രൂപ്പായി മാറുകയാണ്. ഗ്രൂപ്പിലെ അംഗമായ സിയാദ് ഏഴംകുളം നാട്ടിലെ അഫ്സലിന്റെ വീട് സന്ദർശിക്കുകയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയതോടുകൂടി അഫ്സലിന് സ്വന്തമായി വീടില്ലെന്ന കാര്യവും ഗ്രൂപ്പിൽ ചർച്ചയായി. അഷ്‌കർ പൂഴിത്തല, കെ.ആർ നായർ, ബഷീർ അന്പലായി, ഇടത്തൊടി ഭാസ്കരൻ തുടങ്ങി നിരവധിപേർ അഫ്സലിന് വീട് െവച്ച് കൊടുക്കേണ്ട നടപടികൾ കൂടി ഇവിടെ നിന്നുണ്ടാകണമെന്ന് ആവശ്യം ഉന്നയിച്ചതോടെ ഗ്രൂപ്പിന്റെ ദൗത്യങ്ങളിൽ ഒന്നായി ഏറ്റെടുക്കണമെന്നാണ് മറ്റ് അംഗങ്ങൾ പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ലഭ്യമായാൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിനുള്ള വഴിയൊരുക്കാമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സമ്മതിച്ചതായി സിയാദ് ഏഴംകുളം പറഞ്ഞു. അഞ്ച് സെന്റ് സ്ഥലത്തിന് അഞ്ച് ലക്ഷം രൂപയെങ്കിലും അതിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആര്യയുടെ ചികിത്സയ്ക്കായി ഈ ഗ്രൂപ്പിലെ അംഗങ്ങൾ മുൻകൈയെടുത്ത് സ്വരൂപിച്ചത് ഏകദേശം 5.75 ലക്ഷം രൂപയായിരുന്നു. നിലവിൽ അഫ്സലിന്റെ സഹായ നിധിയിലേയ്ക്ക് ഏകദേശം 2.5 ലക്ഷം മാത്രമേ സ്വരൂപിക്കാനായിട്ടുള്ളൂ. ഇത് ആശുപത്രി ചിലവിന് തന്നെ അപ്രാപ്യമാണ്. വരും ദിവസങ്ങളിൽ അംഗങ്ങൾ മുന്നിട്ടിറങ്ങി കൂടുതൽ തുക സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
ബഹ്‌റൈനിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്നവർ നിരവധിപേർ ഉണ്ടെങ്കിലും ഇത്തരത്തിൽ ഒരു കൂടായ്മയായി പ്രവർത്തിക്കുന്നത് അവർക്കിടയിൽ ഒരു ഏകീകരണത്തിന് വഴിവെയ്ക്കുന്നു. പലപ്പോഴും പ്രവാസികൾ മരിക്കുകയോ അല്ലെങ്കിൽ അത്തരം അത്യാഹിതങ്ങൾ സംഭവിക്കുകയോ ചെയ്‌താൽ ഏതെങ്കിലും സാമൂഹ്യ പ്രവർത്തകർ അതിൽ ഇടപെട്ടത് അറിയാതെ മറ്റുള്ളവരും ഇതേ കാര്യത്തിനായി ഓടുന്ന പതിവുണ്ട്. ഗ്രൂപ്പ് സജീവമായതോടെ ഒരു സംഭവത്തിൽ ഏതെങ്കിലുമൊരു സാമൂഹ്യപ്രവർത്തകൻ ഇടപെടുന്പോൾ ആ കാര്യം അയാൾ ഗ്രൂപ്പിൽ അപ്പോൾതന്നെ ഇടുകയാണ് ചെയ്യുന്നത്. എന്നാൽ ഒരാൾ മാത്രം വിചാരിച്ചാൽ നടക്കാതെ ചില പ്രത്യേക സാഹചര്യങ്ങളിൽ ഗ്രൂപ്പിൽ കൂട്ടായ ചർച്ച ഉണ്ടാവുകയും പ്രവർത്തനത്തിന് ഏകീകരണം ഉണ്ടാവുകയും ചെയ്യുന്നു. മലയാളികളുടെ ഈയൊരു കൂടായ്മ ഐ.സി.ആർ.എഫ് മാതൃകയാക്കിയാൽ ഇന്ത്യക്കാർക്ക് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുമെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഐ.സി.ആർ.എഫിലെ മലയാളികളെല്ലാം ഈ ഗ്രൂപ്പിലും ഉള്ളതിനാൽ എംബസിയുമായുള്ള സഹകരണത്തിനും ബുദ്ധിമുട്ടുണ്ടാകില്ല. സുധീർ തിരുനിലത്ത്, ബഷീർ അന്പലായി, കെ.ടി സലിം, ചന്ദ്രൻ തിക്കോടി, നിസാർ കൊല്ലം, ചെന്പൻ ജലാൽ, അസ്‌കർ പൂഴിത്തല, കെ.ആർ നായർ, നാസർ മഞ്ചേരി, ചെന്പൻ ജലാൽ, ഫൈസൽ, എബ്രഹാം ജോൺ, രാജു കല്ലുംപുറം, സലാം മന്പാട്ടുമൂല, ഫ്രാൻസിസ് കൈതാരത്ത്, ബിനു കുന്നന്താനം, ഗഫൂർ കൈപ്പമംഗലം, ഫൈസൽ, ജമാൽ, ജോൺ ഫിലിപ്പ്, പങ്കജ് നാഭൻ, അജയകൃഷ്ണൻ, ഇബ്രാഹിം അദ്−ഹം തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്നവരും അല്ലാത്തവരും മാധ്യമ പ്രവർത്തകരുമായി 250ഓളം പേരുടെ കൂട്ടായ്മയാണ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ഗ്രൂപ്പ്.

