പിണറായി ഒന്നാംപ്രതി; മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ്


ഷീബ വിജയൻ


തിരുവനന്തപുരം: സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് രണ്ടു കേസുകളിൽ എഫ്.ഐ.ർ രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം ആരംഭിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിക്കും.സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടതാണ് ആദ്യ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. ഇ.ഡി സംസ്ഥാന ഡി.ജി.പിക്കു കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഇ.ഡി നൽകിയ കത്തിലും അനുബന്ധ രേഖകളിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തക്കവണ്ണമുള്ള മതിയായ വസ്തുതകളും സാക്ഷികളുടെയും സംശയിക്കപ്പെടുന്ന വ്യക്തികളുടെയും മൊഴികളുമുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു. ആരോപണവിധേയർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തതായി വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇ.ഡി നൽകിയ രേഖകളിലുള്ളതെന്ന് കോടതി വ്യക്തമാക്കി.

കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഇതിനു പുറമെ, ഇ.ഡി കത്തിലെ വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുൻപ് ഡിജിപി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. റിവിഷൻ ഹർജി തള്ളിയ ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഡിജിപിക്കു കൈമാറിയതെന്നും, അതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ മറ്റ് ഉത്തരവുകൾ ഫലപ്രദമായ അന്വേഷണത്തിന് തടസ്സമാകില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.അതേസമയം, കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചുള്ള ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന്‍ ഇന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കും. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നാണ് അവരുടെ വാദം. ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരുന്നതുവരെ എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെടും. കഴിഞ്ഞ ദിവസമാണ് സി.എം.ആർ.എൽ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈകോടതി നിര്‍ദേശിച്ചത്.

article-image

fsdfdfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed