നെടുമ്പാശ്ശേരി മിനി കൂപ്പർ നരഹത്യ: പ്രതിയുടെ ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി; മദ്യം നൽകിയ ബാറുകൾ പൂട്ടിയേക്കും
ഷീബ വിജയൻ
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ലൈസൻസ് റദ്ദാക്കാനാണ് നീക്കം. അപകട സമയത്ത് സുഹൈൽ സജീവിനൊപ്പം മൂന്ന് സുഹൃത്തുക്കളാണുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവം നടക്കുന്നതിന് മുൻപ് ഇവർ സംഘമായി വിവിധ ബാറുകളിൽ കയറി മദ്യം കഴിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പ്രതികൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഗ്നർ കാറിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്നും അമിതവേഗതയിലാണെന്നും അറിഞ്ഞിട്ടും അത് തടയാൻ തയ്യാറായില്ലെന്ന കാരണത്താൽ കൂടെയുണ്ടായിരുന്നവർക്കെതിരെ പൊലീസ് പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെയും നടപടി. അപകടത്തിനുമുമ്പ് സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. കോര്‍ട്ട് യാർഡ് ബൈ മാരിയറ്റ് ബാർ, വൈറ്റിലയിലെ ദയ, പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് എന്നീ ബാറുകള്‍ക്കെതിരെയാണ് വകുപ്പ് കേസെടുത്തത്. ഇവരുടെ ലൈസന്‍സ് റദ്ദാക്കുന്നതും പരിഗണനയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 19കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയതിനാണ് ബാറുകൾക്കെതിരെ കേസ്. കേരള അബ്കാരി നിയമപ്രകാരം 23 വയസാണ് മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി. അപകടം നടന്ന ദിവസം ശനിയാഴ്ച ഉച്ച മുതല്‍ പ്രതി മദ്യലഹരിയിലായിരുന്നു. പ്രതി ശനിയാഴ്ച ഉച്ചയ്ക്ക് മുതല്‍ മദ്യ ലഹരിയിലാണ് വാഹനം ഓടിച്ചിരുന്നത്. ഉച്ച സമയത്ത് വൈറ്റിലയിലെ ദയാ ബാറിലും വൈകീട്ടോടെ പാലാരിവട്ടത്തെ മണ്‍സൂണ്‍ എംപ്രസ് ബാര്‍ ഹോട്ടലിലും വെച്ച് പ്രതി മദ്യപിച്ചു. പിന്നീട് രാത്രിയിൽ നെടുമ്പാശേരിയിലെ കോര്‍ട്ട് യാർഡ് ബൈ മാരിയറ്റ് ബാര്‍ ഹോട്ടലിൽനിന്ന് മദ്യപിച്ചിറങ്ങി വാഹനവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മൂന്ന് ബാറുകളിലും പ്രതി എത്തുന്നതിന്റെയും മദ്യപിച്ചതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും തുടരന്വേഷണം നടക്കുന്നതായും എക്‌സൈസ് വ്യക്തമാക്കി. അതേസമയം, അപകട സമയത്ത് മിനി കൂപ്പർ ഓടിച്ചത് 150 കിലോമീറ്റർ വേഗതയിലാണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. എത്ര വേഗതയുണ്ടായിരുന്നു എന്നറിയാൻ മിനി കൂപ്പര്‍ സര്‍വിസ് സെന്റരുമായി ചേർന്ന് പരിശോധന നടത്തും. ശനിയാഴ്ചയായിരുന്നു സുഹൈലും സുഹൃത്തുക്കളും സഞ്ചരിച്ച ആഡംബര വാഹനം ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം.
്ോ്േോേോേ

