ബിസിസിഐ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി
മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്‌ട്രിയുടെ (ബിസിസിഐ) 29-ാം ബോർഡ് മെംബേഴ്‌സ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കഴിഞ്ഞ വർഷത്തെക്കാൾ പത്തു മടങ്ങ് കൂടുതൽ ബാലറ്റുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് എതിർപക്ഷം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് നൽകിയ കേസ് പിൻവലിക്കാൻ ബിസിസിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്സിം ഹസൻ അബ്ദുൾ-ആൽ ആവശ്യപ്പെട്ടു. ഇതിനകം രജിസ്റ്റർ ചെയ്ത ഏകദേശം 50,000 ബിസിനസുകാർ മാർച്ച് 10 ന് വോട്ടുരേഖപ്പെടുത്തും.
എല്ലാ പാനലുകളും തികഞ്ഞ ആത്മവിശ്വാസത്തിൽ
വിവിധ പാനലുകളും സ്‌ഥാനാർഥികളും തെരഞ്ഞെടുപ്പിലേക്ക് വോട്ടർമാരെ ആകർഷിക്കുന്നത് തുടരുകയാണ്. എല്ലാ കൊമേഴ്സ്യൽ രജിസ്‌ട്രേഷനുള്ള വ്യാപാരികളും നിർബന്ധമായും ബി.സി.സി.ഐ അംഗങ്ങളാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അംഗത്വ ഫീസ് ഇനത്തിൽ മാത്രം ചേംബറിന് 100,000 ബഹ്‌റൈൻ ദിനാർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തിരഞ്ഞെടുപ്പ് ചർച്ചയാകുന്നുണ്ട്. പല പുതുമുഖങ്ങളും വരുന്നുണ്ടെന്നും എല്ലാവരും തുല്യരാണെന്നും തജ്ജോർ പാനൽ പ്രതിനിധി ബത്തൂൽ മൊഹമ്മദ് ദാദാഭായ് ചൂണ്ടിക്കാട്ടി.
വ്യത്യസ്ത വ്യവസായികളുമായും ബിസിനസുകാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് അൽ ഗദ്ദ് പാനലിന്റെ സ്ഥാനാർത്ഥി ഇമാൻ നൂറുദ്ദീൻ പറഞ്ഞു. തങ്ങളുടെ പ്ലാൻ കഴിയുന്നത്ര ആളുകളുമായി സംവദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് പഴയതും പുതിയതുമായ ഒരു നല്ല ശതമാനം വോട്ടർമാർ ഉണ്ടെന്നും ഇത് മുൻതൂക്കം നൽകുന്നതായും ഷരാക്ക പാനലിലെ ചേംബർ അംഗമായ സജിദ് ഉൽഹഖ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സുഗമമായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് അൽ ഗാദിൻറെ പ്രതിനിധി ഇമാൻ നൂറുദ്ദീൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പരമാവധി സുതാര്യമാക്കുന്നതിന് ബി.സി.സി.ഐ. കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ആരും തെറ്റ് ചെയ്യില്ലെന്ന് കരുതുന്നതായും എല്ലാവരും വലിയ ജാഗ്രതയിലാണെന്നും അവർ പറഞ്ഞു.

