ബഹ്‌റൈനിൽ വൻ മദ്യശേഖരം പിടികൂടി : 21 ഏഷ്യൻ വംശജർ അറസ്റ്റിൽ
മനാമ : രാജ്യത്തേയ്ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടികൂടിയതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കപ്പൽ മാർഗം എത്തിക്കുന്ന മദ്യം പിന്നീട് വെയർഹൗസുകളിലേക്ക് മാറ്റാനും അവിടെ നിന്ന് വിപണി വിലയെക്കാൾ താഴ്ന്ന വിലയിൽ വിൽക്കാനുമായിരുന്നു പദ്ധതി. 200,000 ബഹ്‌റൈൻ ദിനാറിലധികം വിലവരുന്ന മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.
പ്രതികളിൽനിന്നും 36,000 ബഹ്‌റൈൻ ദിനാർ പണമായും പിടിച്ചെടുത്തു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുമെന്ന് ഡയറക്ടർ ജനറൽ പറഞ്ഞു.

