നൈറ്റ് ക്ലബ് അടച്ചുപൂട്ടി


മനാമ : ദേശീയ ടൂറിസത്തിന് ഹാനികരമാണെന്ന് ആരോപിക്കപ്പെട്ട ഒരു ഹോട്ടലിലെ നൈറ്റ് ക്ലബ് അധികൃതർ അടച്ചുപൂട്ടി. ടൂറിസം ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വാണിജ്യ, ടൂറിസം മന്ത്രി സയിദ് ബിൻ റഷിദ് അൽ സയാനിയുടെ നിർദേശം പരിഗണിച്ചാണ് നടപടി. ദേശീയ ടൂറിസത്തിന് ദോഷം ചെയ്യുന്ന വിധത്തിൽ ടൂറിസം ചട്ടങ്ങളും നിയമങ്ങളും ഹോട്ടൽ ലംഘിച്ചുവെന്നാണ് ആരോപണം.

ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫയുടെ ശുപാർശ പ്രകാരം ഔട്ട്ലെറ്റ് അടച്ചു പൂട്ടിയതായി വ്യാഴാഴ്ച ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ടൂറിസം നിയമങ്ങൾ ലംഘിച്ച 14 ടൂറിസം ഔട്ട്ലെറ്റുകൾക്കെതിരെയും കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. ജുഫൈർ, സീഫ്, മനാമ, മറ്റ് പ്രദേശങ്ങളിലുള്ള ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഫസ്റ്റ് ക്ലാസ് റെസ്റ്റോറന്റുകൾ, ബാറുകൾ, രാത്രി ക്ലബ്ബുകൾ എന്നിവ ഈ ഔട്‍ലെറ്റുകളിൽ പെടുന്നു.

1986ലെ നിയമം അനുസരിച്ച് നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തിൽ കവിയാതെ തടവുശിക്ഷയും 500 ബഹ്‌റൈൻ ദിനാറിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഒരെണ്ണമോ ബാധകമാണ്. ശിക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രതിനിധി സഭ ഈയിടെ ഒരു ബിൽ പാസാക്കിയിരുന്നു, ഇത് പ്രകാരം 6 മാസത്തിൽ കവിയാത്ത തടവും 10000 മുതൽ 50000 ബഹ്‌റൈൻ ദിനാർ വരെ പിഴയുമാണ് ശിക്ഷ.

You might also like

  • NEC

Most Viewed