ബഹ്‌റൈൻ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ എട്ടാം വാർഷികം ആഘോഷിച്ചു.

മനാമ: ബഹ്‌റൈൻ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ എട്ടാം വാർഷിക ആഘോഷം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഈ വർഷം നടത്തി വന്ന നിരവധി വിദ്യാഭ്യാസ−വ്യക്തിത്വ വികസന പരിപാടികളിൽ ശ്രദ്ധേയ സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള അവാർഡുകൾ പരിപാടിയിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ലത്തീഫ് ആയഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥികളായ റവ. ഡോ.ജോർജ് വർഗ്ഗീസും (മാർത്തോമ്മ ട്രെയിനിങ്ങ് സെന്റർ, കൊച്ചി), ജാഫർ മദൈനിയും (ആക്ടിങ്ങ് ചെയർമാൻ, ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ) ആശംസകൾ നേർന്ന് സംസാരിച്ചു. ബഹ്‌റൈനിലെ ഏറ്റവും നല്ല സാമൂഹ്യ സേവകന് നൽകിവരുന്ന കർമ്മജ്യോതി അവാർഡ് ബഹ്റൈൻ കെ.എം.സി.സി അദ്ധ്യക്ഷൻ എസ്.വി ജലീലിന് മുഖ്യാതിഥി അരുൾദാസ് സമ്മാനിച്ചു. പി.ജി.എഫ് മുൻ പ്രസിഡണ്ട് പ്രദീപ് പുറവങ്കര (മാനേജിങ്ങ് എഡിറ്റർ, 4 പി.എം ന്യൂസ്) അവാർഡ് പ്രഖ്യാപനം നടത്തി. സംഘടനാ പ്രവർത്തനങ്ങളിൽ ഏറ്റവും നല്ല സേവനം കാഴ്ച്ച വെയ്ക്കുന്ന അംഗത്തിന് വേണ്ടി ഏർപ്പെടുത്തിയ അവാർഡായ പ്രോഡിജി ഓഫ് പി.ജി.എഫ് അവാർഡ് രവിമാറാത്ത് വിശിഷ്ടാതിത്ഥിയായ റവ. ഡോ.ജോർജ് വർഗ്ഗീസിൽനിന്നും ഏറ്റുവാങ്ങി. പ്രോഡിജി അവാർഡ് പ്രഖ്യാപനവും വിങ്‌സ് 9, ഡബ്ല്യു.ഡബ്ല്യു.സിഎസ് മുതലായ വിദ്യാഭ്യാസ പരിപാടികളുടെ പരിചയപ്പെടുത്തലും പി.ജി.എഫ് സി.ഇ.ഒ ഡോ. ജോൺ പനയ്ക്കൽ നിർവ്വഹിച്ചു.
ഏറ്റവും നല്ല ഫാക്കൽറ്റി അവാർഡുകൾ ലത്തീഫ് കോളിക്കൽ, അമൃത രവി എന്നിവർക്കും, ഏറ്റവും നല്ല കൗൺസിലർ പുരസ്കാരം വിശ്വനാഥ് ഭാസ്കരനും, ഏറ്റവും നല്ല കോ-ഓർഡിനേറ്റർ പുരസ്കാരം ലേഖ കക്കാടിക്കും സമ്മാനിച്ചു. ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. അതുൽ കൃഷ്ണയുടെയും സ്നേഹ മുരളീധരന്റെയും സംഗീത പരിപാടിയും ഇതോടനുബന്ധിച്ച് അരങ്ങേറി.