നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും

മനാമ: പ്രവാസി നാടകപ്രേമികൾക്ക് ഒത്തു ചേരാനും പുതിയ നാടകാനുഭവങ്ങൾ സമ്മാനിക്കാനുമായി ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന് ഇന്ന് തിരശീല ഉയരും. മണ്മറഞ്ഞ നാടകപ്രതിഭകളുടെ പേരിൽ എല്ലാ ദിവസവും 8:30 മുതൽക്കാണ് നാടകം ആരംഭിക്കുക. ഇത്തവണ നാല് നാടകങ്ങൾ മാത്രമേ മത്സരത്തിനെത്തിയിട്ടുള്ളൂ എന്നത് പ്രവാസി നാടകാസ്വാദകർക്ക് അൽപ്പം നിരാശ സമ്മാനിക്കുമെങ്കിലും ഉള്ള ദിനങ്ങളെ ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് നാടകപ്രേമികൾ. തോപ്പിൽ ഭാസി ദിനമായിട്ടാണ് ഇന്ന് നാടക മത്സരത്തിന് തുടക്കമിടുന്നത്. രമേശ് ബേബിക്കുട്ടൻ സംവിധാനം ചെയ്‌ത് അവതരിപ്പിക്കുന്ന ‘ന്റെ പുള്ളിപ്പൈ കരയണ്’ എന്ന നാടകമാണ് ഇന്ന് അരങ്ങിലെത്തുന്നത്്. ബിജു മലയിൽ തോപ്പിൽ ഭാസി അനുസ്മരണപ്രഭാഷണം നടത്തും. ഫെബ്രുവരി 5ന് (തിങ്കളാഴ്ച്ച) എൻ.എൻ.പിള്ള ദിനമായി ആചരിക്കുന്നു. അനുസ്മരണ പ്രഭാഷണം നടത്തുന്നത് അനിൽ വേങ്കോടാണ്. തുടർന്ന് ‘കാട്ടുമാക്കാൻ ഇപ്പോൾ കരയുന്നില്ല’ എന്ന നാടകം അരങ്ങേറും. രചന, സംവിധാനം: ബെൻ സുഗുണൻ, അവതരണം: ശശി തിരുവാങ്കുളം.ഫെബ്രുവരി 6ന് (ചൊവ്വാഴ്ച്ച) സുരാസു ദിനമാണ്. അനുസ്മരണ പ്രഭാഷണം നടത്തുന്നത് ഷെരീഫ് കോഴിക്കോടാണ്. ജലീൽ എഴുതി, ഹരീഷ് മേനോൻ സംവിധാനം ചെയ്ത ദ്വയമാണ് അന്ന് അരങ്ങിലെത്തുക. ഫെബ്രുവരി ഏഴിന് (ബുധനാഴ്ച്ച) കെ.ടിമുഹമ്മദ് ദിനമായിട്ടാണ് ആചരിക്കുന്നത്. അനുസ്മരണ പ്രഭാഷണം ഫിറോസ് തിരുവത്രയാണ് നടത്തുന്നത്. അഗ്നിവർഷ എന്ന നാടകം ഇതിന് ശേഷം അരങ്ങേറും. നാടകം സംവിധാനം ചെയ്യുന്നത് എസ്.ആർ.എം കണ്ണൂരാണ്. ഫെബ്രുവരി എട്ടിന് (വ്യാഴാഴ്ച്ച) വൈകുന്നേരം നാടകമത്സരത്തിന്റെ ഫലപ്രഖ്യാപനവും കലാസന്ധ്യയും നടക്കും. പ്രായോജകരെ ലഭിക്കാത്തതാണ് മത്സരത്തിന് നാടകങ്ങൾ കുറയാൻ കാരണമെന്ന് നാടകപ്രവർത്തകർ പറയുന്നു. രംഗപടം ഒരുക്കുവാനും, പശ്ചാല സംഗീതവും, വെളിച്ചവുംഒരുക്കുന്നതിനും നല്ലൊരു തുക വേണം. ഒപ്പംഓരോ ദിവസത്തെയും പരിശീലനത്തിന് ഭക്ഷണമടക്കമുള്ള സൗകര്യങ്ങൾ വേണം. ഇതിന് പണം മുടക്കാൻ ആളില്ല. അവതരണ ചിലവ് സംഘാടകർ തന്നെ നൽകുകയാണെങ്കിൽ മികച്ച നാടകങ്ങൾ വേദിയിൽ എത്തിക്കാൻ സാധിക്കുമെന്നും ബഹ്റൈനിലെ നാടക കലാകാരൻമാർ അഭിപ്രായപ്പെട്ടു.