തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്ക് പങ്കില്ല : മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം : തനിക്കെതിരെ ഹർജി നൽകിയതിൽ തോമസ് ചാണ്ടിക്കോ എൻ.സി.പിയിൽ ആർക്കും തന്നെയോ പങ്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. വ്യക്തമായ തെളിവോ ബോധ്യമോ വരാതെ ഹർജിയെ കുറിച്ച് പാർട്ടിക്കുള്ളിൽ അന്വേഷണം ആവശ്യപ്പെടില്ല. അന്വേഷണം ആവശ്യപ്പെടണമെങ്കിൽ അതിന് ഉപോൽബലകമായ തെളിവോ വസ്തുതകളോ ഉണ്ടാവണം. തന്റെ കൈയിൽ ഇതൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. താൻ മന്ത്രിയായതിൽ പാർട്ടിയിൽ ആർക്കും എതിർപ്പില്ല. വാർത്തകളിലൂടെയാണ് ഹർജിക്കാരിയെ കുറിച്ച് അറിഞ്ഞതെന്നും വ്യക്തമായ ബോധ്യമില്ലാതെ അന്വേഷണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതിക്ക് പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗമുണ്ടോ എന്ന സംശയം ബലപ്പെട്ടുവരുന്നതിനിടെയാണ് ശശീന്ദ്രന്റെ പ്രസ്താവന.
അതേസമയം, ശശീന്ദ്രനെതിരായ ഹർജി സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അവസാന നിമിഷം ഹർജി ഫയൽ ചെയ്തതും പിന്നീട് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും തോമസ് ചാണ്ടിയുടെ പുതിയ പി.എയുടെ സഹായിയായ തൈക്കാട് സ്വദേശി മഹാലക്ഷ്മിയാണ്. പരാതിക്കാരിയായ മഹാലക്ഷ്മിയെകുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡി.ജി.പിക്ക് നേരത്തെ പരാതി നൽകിയിരുന്നു.