വിശ്വാസികൾ പരസ്പര സ്നേഹത്തിന്‍റെ പ്രതീകങ്ങളാവണം: തങ്ങൾ

മനാമ: സമസ്ത ബഹ്റൈൻ ഹൂറ മത പ്രഭാഷണ പരന്പര ഇന്ന് സമാപിക്കും. ഹൂറയിലെ സമസ്ത മദ്രസയുടെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ചാണ് ത്രിദിന മത പ്രഭാഷണ പരന്പര നടക്കുന്നത്.പ്രഭാഷണ പരന്പരയുടെ ഉദ്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങളാണ് നിർവ്വഹിച്ചത്. ആരാധനാ കർമ്മങ്ങളിലെന്ന പോലെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും വിശ്വാസികൾ സ്നേഹത്തിന്‍റെ പ്രതീകങ്ങളാവണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.കോട്ടയം ജില്ലയിലെ പ്രമുഖ വാഗ്മിയും പണ്ധിതനുമായ ഉസ്താദ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി അൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിനെ യുദ്ധം കൊതിക്കുന്ന ഒരു മതമായി ചിത്രീകരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് വിശുദ്ധ ഖുർആനിക സൂക്തങ്ങളുംപ്രവാചകാദ്ധ്യാപനങ്ങളും ചരിത്രങ്ങളും വിശദീകരിച്ചു കൊണ്ട് അദ്ദേഹം സമർത്ഥിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ മഹമൂദ് പെരിങ്ങത്തൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എം അബ്ദുൽ വാഹിദ്(സമസ്ത), എസ്.വി ജലീൽ(കെ.എം.സി.സി) എന്നിവർ ആശംസകളർപ്പിച്ചു. ആറ്റക്കോയ തങ്ങൾ മൊമെന്റോ സമർപ്പിച്ചു. സപ്ലിമെന്റ് പ്രകാശനം സിറ്റി മാക്സ് കാദർ ഹാജിക്ക് നൽകി ഫക്രുദ്ദീൻ തങ്ങൾ നിർവ്വഹിച്ചു. ഷംസുദ്ദീൻ മൗലവി സ്വാഗതവും അഹമ്മദ് മലയിൽ നന്ദിയു പറഞ്ഞു. ഇന്ന് രാത്രി എട്ട് മണിക്ക് മനാമ അൽ രാജാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖ പണ്ധിതനും മലബാറിലെ പ്രാർത്ഥനാ സദസ്സുകളിൽ നിറ സാന്നിധ്യവുമായ ചെറുമോത്ത് ഉസ്താദും പ്രഭാഷണ വേദികളിലെ വിസ്മയമായ അത്ഭുത ബാലൻ ഹാഫിസ് ജാബിർ എടപ്പാളും പങ്കെടുക്കും. ഇതിനായി ഇവർ ഇരുവരും ബഹ്റൈനിലെത്തി. പ്രഭാഷണം ശ്രവിക്കാനെത്തുന്ന സ്ത്രീകൾക്ക് പ്രത്യേക സൗകര്യമാണ് സംഘാടക ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്− 39197577 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.