കിളിമഞ്ചാരോ പർവ്വതം കീഴടക്കി 11 ബഹ്‌റൈനി യുവതികൾ

മനാമ : ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയായ കിളിമഞ്ചാരോ കീഴടക്കി 11 ബഹ്‌റൈനി യുവതികൾ. ഫജ്ർ തലാൽ മുഫീസ്, ഫാത്തിമ അലി അൽ മഹ്മൂദ് എന്നവരാണ് സംഘത്തിന് നേതൃത്വം നൽകിയത്. സാഹസിക യാത്രയ്ക്ക് ബഹ്‌റൈനിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉള്ള വനിതകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സാമൂഹിക കാഴ്ചപ്പാടുകളെ മറികടന്ന സാഹസികർ, അവരുടെ ജീവിതത്തിലെ മികച്ച അവസരമായി പർവ്വതാരോഹണത്തെ പ്രയോജനപ്പെടുത്തി.
ബഹ്‌റൈൻ യുവതികൾക്കൊപ്പം, കുവൈത്തിൽ നിന്നുള്ള രണ്ട് പേരും, സൗദി അറേബ്യ, യു.എ.ഇ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരമുള്ള പർവ്വതത്തിൽ കയറാനുള്ള വെല്ലുവിളിയാണ് ഇവർ ഏറ്റെടുത്തത്. മാനസികവും ശാരീരികവുമായ പ്രതിസന്ധികൾ ഉണ്ടായെങ്കിലും താഴ്ന്ന താപനിലയിൽ പർവ്വതത്തിന്റെ ഉഹുരു കൊടുമുടിയിൽ എത്തി ഇവർ ദൗത്യം പൂർത്തിയാക്കുകയായിരുന്നു.