പ്രവാസികളുടെ കൊഴിഞ്ഞ് പോക്ക് പ്രചാരം മാത്രം; സ്‌കൂൾ പ്രവേശനത്തിന് അഭൂതപൂർവ്വമായ തിരക്ക്

മനാമ: നിരവധി പ്രവാസികൾ അവരുടെ പ്രവാസം നിർത്തി തിരികെ പോകുന്നുണ്ടെന്നുള്ളത് വെറും പ്രചരണം മാത്രമാണെന്നാണ് സ്‌കൂൾ പ്രവേശനത്തിനുള്ള തിരക്കുകൾ സൂചിപ്പിക്കുന്നത്. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ സ്‌കൂളുകളിലെയും ലഭ്യമായ മുഴുവൻ സീറ്റുകളിൽ പ്രവേശനം നൽകിയാലും വലിയൊരു ശതമാനം കുട്ടികൾക്കും ഇത്തവണ സ്‌കൂൾ പ്രവേശനം ലഭിക്കാനിടയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം വിടുതൽ സെർട്ടിഫിക്കേറ്റ് വാങ്ങിപ്പോകുന്നവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു വലിയ വ്യത്യാസങ്ങൾ ഒന്നും കാണുന്നില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു.
സ്‌കൂൾ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പാടാക്കിയത് മുതൽക്കു തന്നെ ബഹ്റൈനിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകുന്ന ഇന്ത്യൻ സ്‌കൂളിൽ ലഭ്യമായ സീറ്റുകളുടെ രണ്ടിരട്ടിയോളം രക്ഷിതാക്കളാണ് പ്രവേശനത്തിനായി രജിസ്റ്റർ ചെയ്തത്. എഴുന്നൂറോളം സീറ്റുകൾ മാത്രമാണ് ഇവിടെ എൽ.കെ.ജി പ്രവേശനത്തിന് ലഭ്യമായിട്ടുള്ളത്. മറ്റ് സ്വകാര്യ സ്‌കൂളുകളിലാവട്ടെ മാസങ്ങൾക്ക് മുൻപേ തന്നെ പ്രവേശനം അവസാനിപ്പിക്കുകയും ചെയ്തു. ന്യൂ ഇന്ത്യൻ സ്‌കൂളിൽ 210ഓളം സീറ്റുകളാണ് കെ.ജി ക്ലാസുകളിൽ ഉള്ളത്. അതിലേയ്ക്കുള്ള കുട്ടികൾ നേരത്തെ തന്നെ പ്രവേശനം നേടിക്കഴിഞ്ഞു. ഏഷ്യൻ സ്‌കൂളിൽ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ സഹോദരങ്ങൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്. മലയാളികൾ ഏറെ ആശ്രയിച്ചു കൊണ്ടിരുന്ന മറ്റൊരു സ്‌കൂളായ ഇബനൽ ഹൈത്തം സ്‌കൂളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ കഴിഞ്ഞ വർഷം തൊട്ട് പ്രവേശനം നിർത്തിവെച്ചിരിക്കുകയാണ്. മനാമയിൽ പ്രവർത്തിച്ചിരുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ബലക്ഷയം കാരണം അധികൃതർ പ്രവർത്തനാനുമതി നിഷേധിച്ചത് കാരണമാണ് ഈ വിദ്യാലയത്തിൽ പ്രൈമറി ക്ലാസുകളിലേക്കുള്ള പ്രവേശനം നിർത്തിയത്. ന്യൂ മില്ലേനിയം, അൽ നൂർ സ്‌കൂൾ എന്നിവിടങ്ങളിലും എൽ.കെ.ജി പ്രവേശനം വളരെ നേരത്തെ തന്നെ ആരംഭിക്കുകയും നിലവിൽ സീറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരിക്കുന്നു.
ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അനുശാസിക്കുന്ന രീതിയിൽ മാത്രമേ സ്‌കൂൾ നടത്തിപ്പ് സാധ്യമാകൂ എന്നത് കൊണ്ട് തന്നെ ഓരോ ക്ലാസിലും നിലവിലുള്ള സൗകര്യത്തിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകാൻ സ്‌കൂൾ അധികൃതർക്കും ബുദ്ധിമുട്ടുണ്ട്. ഫീസ് കൂട്ടരുതെന്ന ഭരണാധികാരികളുടെ ശാസനയും സ്‌കൂൾ അധികൃതരുടെ മുന്നിൽ ആശങ്കയായി നില നിൽക്കുന്നു. ഇപ്പോൾ ബഹ്‌റൈനിലെ സ്‌കൂളുകളിൽ പഠിപ്പിക്കാൻ മതിയായ യോഗ്യതയുള്ളവരെ കിട്ടാനും പ്രയാസമായിരിക്കുകയാണ്. ബി.എഡ് ബിരുദം മിക്കയിടത്തും ഇപ്പോൾ നിർബന്ധമാണ്.
നാട്ടിൽ സർക്കാർ സർവ്വീസിൽ അടക്കം ഇപ്പോൾ യഥേഷ്ടം ജോലി സാധ്യത ഉള്ളപ്പോൾ ബഹ്റൈനിൽ ജോലിക്കായി എത്തുന്ന പുതിയ ഉദ്യോഗാർത്ഥികളും കുറവാണ്. അതുകൊണ്ട് തന്നെ കുടുംബമായി താമസിക്കുന്ന യോഗ്യതയുള്ളവരെയാണ് എല്ലാ സ്‌കൂളുകളും അദ്ധ്യാപികമാരായി പരിഗണിക്കുന്നത്. വിസ നൽകാതെ ജോലിക്ക് വെക്കാമെന്നതും ഇതിന് കാരണമാകുന്നു. നിലവിലെ കെട്ടിടങ്ങൾ പരാമാവധി ഉപയോഗപ്പെടുത്തി പരമാവധി കുട്ടികളെ വിദ്യാഭ്യാസ മന്ത്രാലയം നിഷ്കർഷിക്കുന്ന രീതികൾക്ക് അനുസൃതമായി പ്രവേശനം നൽകുവാൻ മാത്രമേ നിവൃത്തിയുള്ളൂ എന്നാണ് ഇപ്പോൾ സ്‌കൂൾ അധികൃതർ പറയുന്നത്.
മാസവരുമാനം കുറഞ്ഞത് 400 ദിനാർ എങ്കിലും ഇല്ലാത്ത ഒരു കുടുംബത്തിന് ബഹ്റൈനിൽ കുട്ടികളെ സ്ക്കൂളുകളിൽ ചേർക്കാൻ ആവുകയില്ലെന്ന് മാത്രമല്ല പുസ്തകം, യൂണിഫോം, അനുബന്ധ ചിലവുകൾ അടക്കം നല്ലൊരു തുക വിദ്യാർത്ഥികൾക്ക് വേണ്ടി മാറ്റുകയും വെണം. സാന്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്തും പല പ്രവാസികളും ബഹ്‌റൈനിൽ തന്നെ അവരുടെ കുടുംബവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുന്നു എന്നുള്ളതിന് ഉദാഹരണമാണ് സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള തിരക്ക് സൂചിപ്പിക്കുന്നത്. അതേസമയം പ്രവാസി കുടുംബങ്ങളെ മിക്കവരും ഒന്നാകെ നാട്ടിലേയ്ക്ക് പറിച്ചു നടുകയാണെന്നും വൻസാന്പത്തിക അസ്ഥിരതയാണ് അനുഭവപ്പെടുന്നതെന്നുമുള്ള പ്രചാരണം പരക്കെ ഉണ്ട് താനും. പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട് കുടുംബത്തെ ഇവിടെ തന്നെ നിർത്തുകയും ചിലവുകൾ പരമാവധി ചുരുക്കി കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യാനുള്ള തീരുമാനത്തിലാണ് ഒട്ടുമിക്ക പ്രവാസികളും എന്ന് വേണം കരുതാൻ. ഈ വിദ്യാഭ്യാസ വർഷം അവസാനിക്കുന്നതോടെ കൂടുതൽ കുടുംബങ്ങൾ നാട്ടിലേയ്ക്ക് പോകാനൊരുങ്ങുകയും ടി.സി വാങ്ങുകയും ചെയ്‌താൽ മാത്രമേ മറ്റ് ക്ലാസുകളിലെ ഒഴിവ് വരുന്ന സീറ്റുകളിൽ അപേക്ഷിച്ചവർക്ക് സീറ്റ് ലഭ്യമാകൂവെന്ന് സ്‌കൂൾ അധികൃതരും പറയുന്നു.