ബഹ്‌റൈനിലെ ആരോഗ്യ പ്രവർത്തകർക്കായി ഇരുപത് പുതിയ മാനദണ്ധങ്ങൾ

മനാമ : ആരോഗ്യപ്രവർത്തകർക്കായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) പുതിയ മാനദണ്ധങ്ങൾ പുറപ്പെടുവിച്ചു. ബഹ്‌റൈനിലെ ആരോഗ്യമേഖലയിലെ എല്ലാ അംഗങ്ങൾക്കും ഇത് ബാധകമാണ്. ആരോഗ്യ വിദഗ്ദ്ധരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന 20 നിയമങ്ങളാണ് മാനദണ്ധങ്ങളിൽ ഉള്ളത്. രോഗവും രോഗനിർണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സുരക്ഷിതമായ പരിചരണം, പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക, അടിയന്തിരസാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, രഹസ്യാത്മകത നിലനിർത്തൽ, ചികിത്സാ രംഗത്ത് രോഗികളുടെ സമ്മതം, ജനനം −മരണം എന്നിവ സംബന്ധിച്ച കാര്യങ്ങൾ, മരുന്നുകൾ ലഭ്യമാക്കൽ, പകർച്ചവ്യാധികൾ ബാധിച്ച രോഗികളുടെ പരിചരണം എന്നിവയാണവ.
സഹപ്രവർത്തകരെ സംബന്ധിക്കുന്ന കാര്യങ്ങൾ, ചുമതലകളെക്കുറിച്ചും പ്രൊഫഷണലുകളെക്കുറിച്ചുമുള്ള കാര്യങ്ങൾ, ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുമായി ബന്ധപ്പെട്ടവ, സമൂഹ മാധ്യമങ്ങളും ആരോഗ്യ പരസ്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളും മാനദണ്ധങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പൊതു−സ്വകാര്യ ആരോഗ്യ വിദഗ്ധരുടെ സഹായത്തിനായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് മാനദണ്ധങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മറിയം അൽ ജലാഹ്മ പറഞ്ഞു.
ആരോഗ്യപരിപാലകരുടെയും അവരുടെ രോഗികൾ, സഹപ്രവർത്തകർ തുടങ്ങിയ അടിസ്ഥാനപരവും ധാർമികവും തൊഴിൽപരവുമായ തത്വങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് ഇവയെന്നും അവർ കൂട്ടിച്ചേർത്തു.