ശാസ്ത്ര അത്ഭുതങ്ങളെ തൊട്ടറിഞ്ഞ് ബഹ്‌റൈൻ വിദ്യാർത്ഥികൾ

മനാമ: വായിച്ചും ടെലിവിഷനിലൂടെയും മാത്രം കണ്ടിരുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രവും ശാസ്ത്ര ഉപകരണങ്ങളും അടുത്ത് കാണാനും ശാസ്ത്രജ്ഞൻമാരിൽ നിന്ന് നേരിട്ട് അവയുടെ പ്രവർത്തനങ്ങൾ അറിയുകയും ചെയ്തപ്പോൾ ബഹ്‌റൈനിലെ ശാസ്ത്രപ്രതിഭകൾക്ക് അത്ഭുതം. സയൻസ് ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രപ്രതിഭ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിവിധ പ്രായത്തിലുള്ള 18ഓളം വിദ്യാർത്ഥികളാണ് ശാസ്ത്രയാൻ പ്രയാണവുമായി ഇന്ത്യയിലെ വിവിധ ശാസ്ത്ര സാങ്കേതിക കേന്ദ്രങ്ങൾ സന്ദർശിച്ചത്. വിജ്ഞാന ഭാരതി ഇന്ത്യയുടേയും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെ ബഹ്‌റൈനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിൽ ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇത് അഞ്ചാം തവണയാണ് ബഹ്റൈനിൽ നിന്നുള്ള പഠന സംഘം ശാസ്ത്രയാൻ പ്രയാണം നടത്തുന്നത്. ബംഗലൂരു, ഡൽഹി, ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളിലായിരുന്നു ഇതിന് മുൻപത്തെ വർഷങ്ങളിൽ സന്ദർശിച്ചത്. ഓരോ തവണയും സംഘത്തിൽ പതിനെട്ടോളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സയൻസ് ഇന്ത്യ ഫോറം ഭാരവാഹകളുമാണ് ഈ സംഘത്തിൽ ചേരുന്നത്. വിജ്ഞാന ഭാരതി പ്രതിനിധികൾ വിദ്യാർത്ഥികൾക്ക് വേണ്ടുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ ന
ൽകി.
സംഘത്തിൽ മൂന്ന് തവണയും ഉണ്ടായിരുന്ന നൈമ മുഹമ്മദാണ് യാത്ര സംഘത്തിലെ വിദ്യാർത്ഥി പ്രതിനിധികളിൽ സീനിയർ. ഇതുവരെ നടന്ന പഠന യാത്രയിൽ ഏറ്റവും മികച്ച അനുഭവമായിരുന്നു ഇത്തവണത്തേതെന്ന് നൈമ 4 പി.എം ന്യൂസിനോട് പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ റോക്കറ്റ് വിക്ഷേപിക്കുന്ന ലോഞ്ച് അടുത്ത് നിന്ന് കാണാനും അവിടുത്തെ ശാസ്ത്രജ്ഞന്മാർ അതിന്റെ പ്രവർത്തനം വിവരിച്ചു നൽകുകയും ചെയ്തത് ജീവിതത്തിലെ വലിയ അനുഭവമായിരുന്നുവെന്ന് നൈമ പറഞ്ഞു. ചെന്നൈയിലെ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കാഴ്ചകളും ക്ലാസുകളും വേറിട്ട അനുഭവമായിരുന്നുവെന്ന് സംഘത്തിലെ ഒൻപതാം ക്ലാസുകാരൻ രോഹിത്ത് രാജ് പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് അതെന്നറിഞ്ഞപ്പോൾ വലിയ അഭിമാനം തോന്നുന്നതായും രോഹിത് പറഞ്ഞു. എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ക്ലാസുകൾ നൽകിയ ശാസ്ത്രജ്ഞർ തന്നെ അത്ഭുതപ്പെടുത്തിയതായി അഞ്ചാം ക്ലാസുകാരി വിശ്വ തീർത്ഥ പറഞ്ഞു. വലിയ ക്ലാസിലെ കുട്ടികൾക്കൊപ്പം പോയപ്പോൾ ആകെ ഉണ്ടായിരുന്ന ആശങ്ക അതോടെ മാറിക്കിട്ടിയതായും ഓരോ ദിവസങ്ങളും അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നുവെന്നും വിശ്വ തീർത്ഥ പറഞ്ഞു.
നാട്ടിലുള്ള വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ നിരവധി അവസരങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പ്രവാസി വിദ്യാർത്ഥികൾക്ക് വളരെ കുറച്ച് അവസരങ്ങളിൽ മാത്രമേ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളെപ്പറ്റി അറിയാൻ സാധിക്കുന്നുള്ളൂവെന്നത് കൊണ്ടാണ് മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി ശാസ്തപ്രതിഭാ മത്സരം എല്ലാ തവണയും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വിജ്ഞാന ഭാരതിയുടെ മേൽനോട്ടത്തിൽ നടത്തി വരുന്ന പരീക്ഷ അടുത്ത വർഷവും നടക്കുമെന്നും താൽപ്പര്യമുള്ളവർ ഇപ്പോൾ മുതൽക്കേ തായ്യാറെടുപ്പ് നടത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു. വിജ്ഞാനപ്രദവും ഭാവിയ്‌ക്കുതകുന്നതുമായ ശാസ്ത്ര അറിവുകൾ കുട്ടികളുടെ മനസ്സിലേയ്ക്ക് അരക്കിട്ടുറപ്പിക്കാൻ ഇത്തരം പരീക്ഷകളും ശാസ്ത്രയാൻ പ്രയാണങ്ങളും ഗുണകരമാകുമെന്നും ബഹ്‌റൈൻ സയൻസ് ഇന്ത്യ ഫോറം ഭാരവാഹികൾ പറഞ്ഞു.