സ്വന്തം കഥയുടെ കാഴ്ചക്കാരനാകാൻ നജീബ്
സോന പി.എസ്
മനാമ : ബെന്ന്യാമന്റെ ആടുജീവിതം എന്ന നോവലിലൂടെ ലക്ഷക്കണക്കിന് മലയാളികൾക്ക് സുപരിചിതനായി മാറിയ നജീബ് ഇപ്പോൾ സ്വന്തം കഥ സിനിമയാക്കുന്ന വാർത്തയുടെ സന്തോഷത്തിലാണ്. ഈ മാസം 12, 13 തീയതികളിൽ തിരുവനന്തപുരത്ത് പ്രവാസികൾക്കായി നടത്തിയ ലോക കേരള സഭയിൽ പങ്കടുക്കുന്നതിനായി നാട്ടിലെത്തിയ നജീബ് സംവിധായൻ ബ്ലെസി, എഴുത്തുക്കാരൻ ബെന്ന്യാമിൻ എന്നിവരെ കണ്ടിരുന്നു. ഇതോടെ അധികം വൈകാതെ തന്നെ സ്വന്തം ജീവിതം തിരശീലയിൽ കാണാമെന്ന പ്രതീക്ഷയിലാണ് നജീബ്.
പൃഥ്വിരാജാണ് നായക കഥാപാത്രമായി നജീബിനെ അവതരിപ്പിക്കുന്നത്. നോവലിനെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കുന്ന കാര്യം മുൻപേ പറഞ്ഞിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടും അത് നീണ്ടുപോവുകയായിരുന്നു. ഇതിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കുമെന്നാണ് പറയുന്നത്. യോദ്ധ എന്ന ചിത്രത്തിന് ശേഷം എ.ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തി
നുണ്ട്.
ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ നജീബിനെ കണ്ടപ്പോൾ ബെന്ന്യാമനാണ് ആടുജീവിതം സിനിമയാക്കാനുള്ള തീരുമാനങ്ങൾ അന്തിമഘട്ടത്തിലായെന്ന് നജീബിനെ അറിയിച്ചത്. രണ്ട് വർഷത്തിന് ശേഷമാണ് നജീബ് ലോക കേരള സഭയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി നാട്ടിൽ തിരിച്ചെത്തിയത്. പതിനാല് ദിവസത്തെ അവധി കഴിഞ്ഞ് 25ന് ബഹ്‌റൈനിൽ തിരിച്ചെത്തും. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി സ്വദേശിയായ നജീബ് ബഹ്‌റൈനിലെ ക്രൗൺ ഇൻഡസ്ട്രിയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

