സുരക്ഷാ മാനദണ്ധങ്ങൾ പാലിക്കാത്ത കളിപ്പാട്ടങ്ങൾ പിടിച്ചെടുത്തു
മനാമ: കുട്ടികളുടെ ജീവൻ തന്നെ ആപത്താകുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങൾ വിവിധ കച്ചവട കേന്ദ്രങ്ങളിൽ നിന്ന് വ്യവസായ, വാണിജ്യ, ടൂറിസം വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് സ്റ്റാൻഡേർഡ് ആന്റ് മെട്രോളജി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വെള്ളത്തിലിട്ടാൽ ഇരട്ടിവലിപ്പം കൈവരിക്കുന്ന കളിപ്പാട്ടങ്ങളാണ് ഭൂരിഭാഗവും. ഇത് കുട്ടികൾ വിഴുങ്ങുകയാണെങ്കിൽ മരണം വരെ സംഭവിക്കാം. വിവിധ ഗവർണറേറ്റുകളിലായി 50 കടകളിൽ നടത്തിയ പരിശോധനകളിൽ വിൽപ്പനയ്ക്കായി വെച്ച 11,055 കളിപ്പാട്ടങ്ങൾ ആണ് പിടിച്ചെടുത്തത്. ഇതോടൊപ്പം സുരക്ഷാ മാനദണ്ധങ്ങൾ അനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കട ഉടമകളെ ബോധവത്കരിച്ചു. ഭാവിയിലും വ്യത്യസ്ത കച്ചവടകേന്ദ്രങ്ങളിൽ സമാനമായ പരിശോധനകൾ ഉണ്ടാകുമെന്നും വാർത്താകുറിപ്പിലൂടെ ഉദ്യോഗസ്ഥർ അറിയിച്ചു.

