സ്കൂൾ പ്രവേശന കാലത്തിനൊരുങ്ങി വിപണി
മനാമ: രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേയ്ക്കുള്ള എൽ.കെ.ജി മുതൽ പ്ലസ് ടു ക്ലാസുകളിലേയ്ക്കുള്ള ഓൺലൈൻ അഡ്മിഷൻ ആരംഭിച്ചത്തോടെ േസ്റ്റഷനറി കടകൾ മുതൽ സൂപ്പർ, ഹൈപ്പർ മാർക്കെറ്റുകളിലും യൂണിഫോം, ബാഗ്, ഷൂ തുടങ്ങിയവ എത്തിതുടങ്ങി. പുത്തൻ യൂണിഫോമും, പുതിയ ഷൂവും ധരിച്ച് പോകുന്ന സ്കൂളിലെ ആദ്യദിവസം ഏത് കാലത്തും, ഏത് ദേശത്തും എന്നും പുതുമ ഉണർത്തുന്ന അനുഭവമാണ്. മഴ നനഞ്ഞോടുന്ന പഴയകാല വിദ്യാലയ ഓർമ്മകൾ പുതുക്കി കുരുന്നുകൾക്കൊപ്പം മാതാപിതാക്കളും സ്കൂളിലെ ആദ്യദിവസത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. കുട്ടികളെ ആകർഷിക്കാനായി പുതുമയുള്ള പെൻസിൽ ബോക്സുകൾ, വാട്ടർ ബോട്ടിൽ, നെയിം സ്ലിപ്പുകൾ, പേനകൾ, കളർ പെൻസിലുകൾ എന്നിങ്ങിനെ നിരവധി സാധനങ്ങളാണ് വിപണിയിലെത്തുന്നത്.
ആറ് ദിനാറിൽ തുടങ്ങി പന്ത്രണ്ട് ദിനാറ് വരെയാണ് സ്‌കൂൾ ബാഗുകൾക്ക് വിപണിയിലുള്ള സാധരണ വില. പല ആകൃതിയിലും, നിറത്തിലും വൈവിധ്യങ്ങൾ നിറച്ചാണ് ലഞ്ച് ബോക്സ്, ഫയലുകൾ എന്നിവയ്ക്ക് പുറമെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹെയർ ബാൻഡുകൾ, ക്ലിപ്പുകൾ തുടങ്ങിയവയും വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഒരു ദിനാർ മുതൽ ഒൻപത് ദിനാർ വരെ വിലയിലുള്ള ഷൂകളും, ഹൈസ്കൂൾ തുടങ്ങി ഉയർന്ന ക്ലാസുകളിലുള്ള കുട്ടികൾക്കായി കാൽകുലേറ്റർ, വയർലെസ് മൗസ്, കീ ബോർഡ് മുതലായ പഠന സംബന്ധമായ എല്ലാ സാധനങ്ങളും വിപണിയിൽ ധാരാളമായി ലഭ്യമാണ്. അൽപ്പം കൂടി പണം ചിലവാക്കാൻ മാതാപിതാക്കൾ തയ്യാറാണെങ്കിൽ പതിനഞ്ച് ദിനാറിൽ ഒതുങ്ങുന്ന പുസ്തകങ്ങൾ ഒതുക്കി വെയ്ക്കാനുള്ള ഷെൽഫുകൾ, വ്യത്യസ്ത വില നിലവാരത്തിലുള്ള സ്റ്റഡി ടേബിളുകൾ എന്നിവയും വാങ്ങിക്കാം. യൂണിഫോം വിപണിയും സ്കൂൾ പ്രവേശന കാലത്ത് സജീവമാകും.
ചില സ്കൂളുകളെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തിൽ നിന്ന് തന്നെ യൂണിഫോം വാങ്ങാനുള്ള നിർബന്ധ ബുദ്ധി കാണിക്കുന്നുണ്ട്. യൂണിഫോം കടയും, സ്കൂളും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇത്. സ്കൂളിന്റെ ലോഗോ യൂണിഫോമിൽ വെക്കാനുള്ള കരാറാണ് ഒരു പ്രത്യേക സ്ഥാപനത്തിന് ഇത്തരം സ്കൂളുകൾ നൽകി വരുന്നത്. ഇത് കാരണം വിപണിയിൽ ലഭ്യമായ നിരക്കിനേക്കാൾ അധികം ചിലവാക്കാൻ രക്ഷിതാക്കൾ നിർബന്ധിതരാ
കുന്നു.

