ബഹ്റൈനിലെ നാല് കമ്പനികൾ നൂറോളം ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം നൽകുന്നില്ല
മനാമ : ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂണിയൻസിന്റെ (ജിഎഫ്ബിടിയു) കണക്കുകൾ പ്രകാരം, രാജ്യത്ത് നാല് പ്രധാന കമ്പനികൾ കുറച്ച് മാസങ്ങളായി തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ല. ഇതുമൂലം തൊഴിലാളികളുടെ നിലവിലെ സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതാണ്.
സ്വദേശികളും പ്രവാസികളും ഉൾപ്പെടുന്ന ജീവനക്കാർക്ക് കുറച്ച് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ബഹ്റൈൻ ട്രേഡ് യൂണിയൻസിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾക്കുള്ള അസിസ്റ്റന്റ് സെക്രട്ടറിയായ കരിം റാധി പറഞ്ഞു. കമ്പനികളിൽ നിന്ന് കുറഞ്ഞത് നൂറോളം ജീവനക്കാർക്ക് പത്ത് മാസത്തോളമുള്ള ശമ്പളമാണ് ലഭിക്കാത്തത്, അവർ സഹായത്തിനായി തങ്ങളെ സമീപിച്ചുവെന്നും, തങ്ങൾ അവരുമായി സമ്പർക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കമ്പനികളിലാണ് ഈ അവസ്ഥ തുടരുന്നതെന്നും കരിം റാധി കൂട്ടിച്ചേർത്തു.
കമ്പനികൾ കൂടാതെ ഒരു സാമൂഹ്യ സംഘടനയിലും ഇതേ സാഹചര്യമാണ്, സംഘടന പുനർനിർമ്മാണം നടത്തുകയാണെന്നതാണ് തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതിന് കാരണമായി ഇവർ പറയുന്നത്. എണ്ണ വിലയിലെ പ്രതിസന്ധിയുടെ ആരംഭത്തോടുകൂടിയാണ് രാജ്യത്ത് ഇങ്ങനെയൊരു അവസ്ഥ വർദ്ദിച്ചുവരുന്നത്. ഇത് മൂലം കമ്പനികൾ സാമ്പത്തിക പ്രതിസന്ധിയിലാണ്, ജിഎഫ്ബിടിയു ജീവനക്കാർക്ക് ഒരു പരിഹാരം കണ്ടെത്താൻ സഹായിക്കും, സാധാരണയായി മൂന്ന് ഘട്ടങ്ങളായാണ് ഈ വിഷയത്തെ നേരിടാറുള്ളത്, ശമ്പളം വിട്ടുകിട്ടാൻ തൊഴിലുടമയുമായി ചർച്ച നടത്തുകയാണ് ആദ്യ ശ്രമം, അതിൽ പരാജയപ്പെട്ടാൽ തൊഴിൽ മന്ത്രാലയത്തിൽ പരാതിപ്പെടും, അവസാനത്തെ നടപടിയാണ് കോടതിയെ സമീപിക്കുകയെന്നത് എന്നും കരിം റാധി വ്യക്തമാക്കി.

