ബഹ്‌റൈൻ പോലീസ് വൻ മയക്കുമരുന്ന് കടത്തൽ തടഞ്ഞു
മനാമ: യു.എ.ഇ ഇന്റലിജൻസ് ഏജൻസികളിൽ നിന്നും ലഭിച്ച പ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ബഹ്റൈൻ ആന്റി നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റ് വൻ മയക്കുമരുന്ന് കടത്തൽ തടഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു റിപ്പോർട്ടനുസരിച്ച്, രാജ്യത്ത് സുരക്ഷാ നടപടികൾ വർദ്ധിപ്പിക്കുന്നതിനായി, മയക്കുമരുന്ന് കടത്തൽ ശ്രമത്തെക്കുറിച്ച് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
യു.എ.ഇ അധികാരികളുടെ ഇടപെടലാണ് രാജ്യത്ത് കുറ്റകൃത്യം തടയാൻ സഹായിച്ചത്.
പോലീസ് നടത്തിയ റെയ്‌ഡിൽ കള്ളക്കടത്ത് ചെയ്തയാളെ പിടികൂടുകയായിരുന്നു. ബഹ്റൈനിലെ ഏജന്റിന് കൈമാറാൻ ശ്രമിച്ച ഒരു കിലോ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. കൂടാതെ ഇയാളിൽ നിന്നും 363 ഗ്രാം മയക്കുമരുന്ന് അടങ്ങിയ 44 ക്യാപ്സ്യൂളുകൾ (ഏകദേശം 36300 ദിനാർ വില വരുന്നത്), ഒരു പ്ലാസ്റ്റിക് ബോക്സിൽ 97000 ദിനാർ വില വരുന്ന 575 ഗ്രാം മയക്കുമരുന്ന് എന്നിവയും കണ്ടെത്തി.
യു.എ.ഇയുടെ സഹായത്തോടെ ബഹ്‌റൈൻ ആന്റി നാർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റാണ് ഈ ഓപ്പറേഷൻ കൈകാര്യം ചെയ്തത്. പബ്ലിക് പ്രോസിക്യൂഷന് മുന്പാകെ ഹാജരാക്കിയ ഇയാളെ കസ്റ്റഡിയിലെടുത്തു. ഏഷ്യക്കാരനായ ഇയാളുടെ മൊബൈൽ ഫോണുകളും മെമ്മറി കാർഡുകളും പരിശോധിക്കാനും അധികൃതർ അനുമതി നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണമാണ് ഈ ഓപ്പറേഷന്റെ വിജയത്തിന് പിന്നണിലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

